ഗാന്ധിദര്‍ശനം വാസ്തവത്തില്‍ ഭാരത ജീവിത ദര്‍ശനമാണ്, ആര്ഷഭാരതീയമായ ശാസ്ത്രമാണ്, സനാതന മൂല്യപ്രമാണങ്ങളില്‍ അധിഷ്ഠിതമായ പ്രയോഗമാണ്. അതിനെ മേല്പ്പറഞ്ഞതൊന്നുമല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ ആസൂത്രിത പരിശ്രമത്തിന്റെ ഭാഗമാണ് ഗാന്ധിദര്ശനമെന്നോ ഗാന്ധിസമെന്നോ ഒക്കെ വിളിപ്പേരില്‍ അറിയപ്പെടുന്ന സമ്പ്രദായം. ജീവിതം സന്ദേശമാക്കിയ ഗാന്ധിജിയെക്കുറിച്ചുള്ള സൂക്ഷ്മമായ പഠനം അത് ആര്‍ക്കും വ്യക്തമാക്കും.
ഗാന്ധിജിക്ക് ഭഗവദ് ഗീത അടിസ്ഥാന ജീവിതമൂല്യങ്ങളുടെ സ്രോതസ്സായിരുന്നു. കര്‍മ്മത്തെ ധര്‍മ്മമായിക്കണ്ട ഗാന്ധിജി ഭഗവദ് ഗീതയില്‍ അനാസക്തിയോഗം കണ്ടെത്തി, അത് പ്രചരിപ്പിച്ചു. ഗാന്ധിജിയുടെ യഥാര്‍ത്ഥ ശിഷ്യനും അനുയായിയുമായിരുന്ന വിനോബാജി എന്ന വിനോബ ഭാവെ അതേ ഭഗവദ്ഗീതയ്ക്ക് മറ്റൊരു കാഴ്ചപ്പാടിലൂടെ വ്യാഖ്യാനം നല്കി. ഗാന്ധിജിയും വിനോബാജിയും തമ്മിലുള്ള തുടര്‍ച്ച അവിടെയാണ്. അടിസ്ഥാന മൂല്യസങ്കല്പ്പങ്ങള് ഒന്നായവര്‍, ആ മൂല്യങ്ങള്‍ ശാശ്വതവും സത്യവും ആണെങ്കില്‍ ഒരിക്കലും പരസ്പര പൂരകങ്ങളാകാതിരിയ്ക്കില്ല. ഈ പ്രസ്താവന തികച്ചും ശരിയാകണമെങ്കില്‍ ഇങ്ങനെകൂടി ചേര്‍ക്കേണ്ടതുണ്ട്, ‘അവര്‍ നിസ്വാര്‍ത്ഥരും നിര്മോഹികളുമാണെങ്കില്’ എന്നുകൂടി. അതുകൊണ്ടാണ് ഗാന്ധിജിയുടെ തുടര്‍ച്ചയായി വിനോബാജി മാറിയത്. രാമകൃഷ്ണ പരമഹംസരുടെ തുടര്‍ച്ചയായി സ്വാമി വിവേകാനന്ദന് മാറിയത്. ചല ശിഷ്യന്മാര് ഗുരുവിനോട് കലഹിച്ചു വഴി പിരിയുന്നതിനു പിന്നില്‍ യഥാര്‍ത്ഥ കാരണം സൂക്ഷ്മ നിരീക്ഷണത്തില്‍ വ്യക്തമാകും, നിസ്വാര്‍ത്ഥതയും നിര്‍മോഹത്വവും അവര്‍ക്ക് അതിജീവിക്കാത്തതുതന്നെയാണെന്ന്.
ഭഗവദ് ഗീതയിലെ എട്ടാം അദ്ധ്യായം, ജ്ഞാനവിജ്ഞാനയോഗം, വ്യാഖ്യാനിച്ച് വിനോബാജി പറഞ്ഞ ചില കാര്യങ്ങളുണ്ട്, അത് ഗാന്ധിജിയുടെ അനാസക്തിയോഗവും കടന്നുള്ള കര്‍മ്മ സന്യാസത്തിന്റെ വിശദീകരണമാണ്. ഗാന്ധിജി എന്തിനായിരുന്നു ദിവസവും സ്വയം ചര്‍ക്കയില്‍ നൂറ്റത്. അദ്ദേഹത്തിനാവശ്യമായ ഒന്നോ രണ്ടോ ജോടി വസ്ത്രങ്ങള്‍ക്ക് നിത്യവും ചര്‍ക്ക തിരിയ്ക്കണമെന്നില്ലായിരുന്നു. പിന്നെയോ. ആ കര്‍മ്മം തന്റെ ജീവിത സാധനയാക്കാന് ഉദ്ദേശിച്ചായിരുന്നു അതു ചെയ്തതെന്ന് വിനോബാജി. അതായത് നിത്യശീലമാക്കുക. അങ്ങനെ അത് സംസ്കാരമാക്കുക. ആ സംസ്കാരമാണ് നിര്‍ണ്ണായക നിമിഷത്തില്‍ പ്രകടമാകുക. ആ പ്രകടീകരണമാണ് മരണാനന്തരം ജീവനെ ബാധിക്കുക, പിന്നെ ജനനമില്ലാത്ത മോക്ഷത്തിനു മുമ്പുള്ള ഏതു മരണമുഹൂര്‍ത്തത്തിലും പ്രകടമാകുന്നത് സഞ്ചിത സംസ്കാരത്തിന്റെ ഈ ആകെത്തുകയായിരിയ്ക്കും. അതുകൊണ്ട് നിത്യജീവിതത്തിലൂടെ സമ്പാദിക്കുന്നതാണ് സംസ്കാരം. ആ സംസ്കാരത്തിന്റെ സത്തയാണ് പ്രധാനം. ഭഗവദ്ഗീതയിലെ എട്ടാം അദ്ധ്യായത്തിലെ പ്രസക്ത ശ്ലോകങ്ങള്‍ വിനോബാജി ഇതിന് ആധാരമായി വിശദീകരിക്കുന്നുണ്ട്. ‘യം യം വാപിസ്മരന് ഭാവം ത്യജത്യന്തേ കളേബരം…’ അത് അതിഗഹനമായ വേദാന്ത ശാസ്ത്രം.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകന്‍ ഡോക്ടര്‍ജിയെന്ന ഡോ. ഹെഡ്ഗേവാറും സംസ്കാരത്തിലധിഷ്ഠിതമായ വ്യക്തിജീവിതമെന്ന ഈ ചിന്താപദ്ധതിക്കാരനായിരുന്നു. അതുകൊണ്ടാണ്, അടിസ്ഥാന ലക്ഷ്യമായ രാഷ്ട്രഭക്തി നിര്‍മ്മാണത്തിന് അടിസ്ഥാന ഘടകമായി നിത്യശാഖാ പ്രവര്‍ത്തന പദ്ധതി വിഭാവനം ചെയ്തത്. സന്നദ്ധ ഭടന്മാരുടെ സംഘടന ഉണ്ടാക്കി, അതിന് നിയമാവലിയും നിയന്ത്രണ പദ്ധതിയും എഴുതിത്തയ്യാറാക്കി അവതരിപ്പിച്ചു നടപ്പാക്കിയതുകൊണ്ടു മാത്രം കാര്യമാകില്ല, മറിച്ച്, അത് ജീവിത രീതിയായി മാറണമെന്ന് അദ്ദേഹം തീര്‍പ്പെടുത്തു. അതുകൊണ്ടുതന്നെയാണ്, ഗാന്ധിജിയുടെ ചര്‍ക്ക തിരിയ്ക്കല്‍ പോലെ പ്രതിദിനം ഒരു മണിക്കൂര്‍ ശാഖാ പ്രവര്‍ത്തനം എന്ന പദ്ധതി നടപ്പില്‍ വരുത്തിയത്. അദ്ദേഹത്തിന്റെ തുടര്‍ച്ചയായി വന്ന ശ്രീ ഗുരുജിയും മറ്റ് സര് സംഘചാലകന്മാരെല്ലാവരും സനാതന സങ്കല്പ്പത്തിലൂന്നിയ ഈ പദ്ധതി പിന്തുടരുന്നതും 90 വര്‍ഷം പിന്നിട്ടിട്ടും ഈ പ്രസ്ഥാനം ഒരു ഇളക്കവും കുലുക്കവും തട്ടാതെ കുതിയ്ക്കുന്നതും അതുകൊണ്ടുതന്നെയാണ്. അവിടെ രൂപംകൊള്ളുന്ന വ്യക്തിത്വങ്ങള്‍ നിര്‍ണ്ണായക നിമിഷങ്ങൡ സാംസ്കാരിക ധന്യതയും സമ്പൂര്‍ണ്ണതയും പ്രകടിപ്പിയ്ക്കുന്നതും അതുകൊണ്ടുതന്നെയാണ്.
ഇതിവിടെ പറയാന്‍ കാരണമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അതിന്റെ ഉച്ചച്ചൂടിലേക്ക് എത്തിക്കഴിഞ്ഞു. നമ്മെ നയിയ്ക്കേണ്ടവരെ നമുക്കു വിലയിരുത്താന്‍ കിട്ടുന്ന അവസരം. അവിടെ വ്യക്തിവൈശിഷ്ട്യം വിലയിരുത്തുന്ന വേളയില്‍ കക്ഷിരാഷ്ട്രീയം മനസ്സാക്ഷിയെ തോല്പ്പിച്ചുകളയാതിരിയ്ക്കാന് പലര്‍ക്കും ഏറെ പണിപ്പെടേണ്ടിവരുമെന്നതു വാസ്തവം. പക്ഷേ, ഏറെ സാഹസികമായി അതു ചെയ്യുമ്പോഴാണ് ശരിയായ ഇസങ്ങള്‍ വിജയിക്കുന്നത്. സര്വദരണീയതയും സര്‍വാംഗീകാരവും നേടാന്‍ ഗാന്ധിസമാണെന്റെ മാര്‍ഗ്ഗമെന്നു പറയുന്ന വെറും ഫാഷനപ്പുറം ആ ദര്‍ശനം പഠിപ്പിക്കുന്നത് വ്യക്തിശുദ്ധത ജീവിതത്തില്‍ പാലിയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണല്ലോ.
ഗാന്ധിസമാണെങ്കില് സമ്പൂര്‍ണ്ണ മദ്യ നിരോധനമല്ലേ വേണ്ടതെന്നും മാര്‍ക്സിസമാണെങ്കില്‍ അതല്ല നിയന്ത്രണമല്ലേ വേണ്ടതെന്നും പറയുമ്പോള്‍ വിലക്കുകളൊന്നും അടിച്ചേല്‍പ്പിക്കാതെതന്നെ, വ്യക്തിശുദ്ധി കൈവരിയ്ക്കാന്‍ ആകെ ഒറ്റ ലഹരിയേ വേണ്ടൂ അത് രാഷ്ട്ര പ്രേമമാണെന്നു പറയുന്ന ഇസവും അടിസ്ഥാനപരമായി ചെയ്യുന്നത് സ്വയം ത്യാഗമാണ്. അത് ആരും അടിച്ചേല്പ്പിക്കേണ്ടതല്ലതന്നെ. അങ്ങനെ നോക്കുമ്പോള്‍ മദ്യനിരോധനം ആദ്യം സ്വന്തം സംഘടനയില്‍ നടപ്പാക്കാന്‍ തയ്യാറുണോ എന്നു ചോദിച്ചാല്‍ പല സംഘടനകളുടെയും നേതാക്കന്മാര് ആദ്യം പിണങ്ങുമോ അണികള്‍ സംഘടനയില്‍നിന്നു പിരിയുമോ എന്നു മാത്രം നോക്കിയാല്‍ മതി. ഇവിടെയാണ് വ്യക്തികളുടെ മാറ്റുരയ്ക്കപ്പെടുന്നത്. (പരനാറിയെന്ന് പിണറായി വിജയനും മാധ്യമ തെമ്മാടിത്തരമെന്ന് വി.എസ്. അച്യുതാനന്ദനും മറ്റും വാക്കു പ്രയോഗിക്കുമ്പോള്‍ എന്തെല്ലാം വിശദീകരണങ്ങള്‍ പറഞ്ഞാലും വെളിവാകുന്നത് ഈ സാംസ്കാരികതയാണ്.)
തെരഞ്ഞെടുപ്പില്‍ എല്ലാവരും പറയുന്നത് ഏറെക്കുറേ ഒന്നുതന്നെയാണ്. ഭാഷ വേറൊന്നാണെന്നു മാത്രം. വികസനമാണ് എല്ലാവരുടെയും അജണ്ട. കാര്യപരിപാടിയിലും കാഴ്ചപ്പാടിലുമാണ് വ്യത്യാസം. കാര്യപരിപാടി വിശ്വസിയ്ക്കണമെങ്കില്‍ പറയുന്നവരുടെ വിശ്വാസ്യത പ്രധാനമാണ്. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചാനല്‍ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളെ അണിനിരത്തി ഒരു ചര്‍ച്ച സംഘടിപ്പിച്ചു. അതില്‍ വ്യക്തികളെ തിരിച്ചറിയാനുള്ള, ജനങ്ങള്‍ക്ക് വിലയിരുത്താനുള്ള അവസരമൊരുങ്ങി. വാസ്തവത്തില്‍ അതൊരു നല്ല തുടക്കമായിരുന്നു. അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ നേതാവിനെ നേരിട്ടു തെരഞ്ഞെടുക്കുന്ന സംവിധാനത്തില്‍ അതാവശ്യമാണ്. ഇവിടെ ജനാധിപത്യം തലയെണ്ണം അടിസ്ഥാനമാക്കി ആയതിനാല്‍ അത്തരമൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നു വാദിയ്ക്കാം. പക്ഷേ, എണ്ണം കൂടുതല്‍ നേടി അധികാരം കൈയാളാന്‍ പോകുന്നവരുടെ നേതാവിലൂടെ ആ പാര്‍ട്ടിയെ തിരിച്ചറിയാന്‍ കഴിയുന്നത് മികച്ച അവസരംതന്നെയാണ്. അവിടെ കൃത്രിമമില്ലാതെ, കാപട്യമില്ലാതെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നവരെ ജനങ്ങള്‍ക്ക് മനസ്സിലാക്കാനും മാര്‍ക്കിടാനുമുള്ള അവസരം ഉണ്ടാകുന്നു. ആ നേതാക്കള്‍ പ്രകടിപ്പിക്കുന്ന നിലവാരം അങ്ങനെ ആ പാര്ട്ടിയുടേതാകുന്നു, ആ പാര്‍ട്ടി നയിക്കുമ്പോള്‍ നമ്മുടെ സംവിധാനത്തിന്റെ തുടര്‍ന്നുള്ള പോക്ക് ഇന്ന തരത്തിലാകും എന്നു വിശ്വസിക്കാനുമാകുന്നു.
പക്ഷേ, ഇങ്ങനെ തിരിച്ചറിയാന്‍ അവസരം കിട്ടണമെങ്കില്‍ അവര്‍ക്കു നല്കുന്ന അവസരങ്ങളും അത്തരത്തിലാകണം, ഒരേ കളിസ്ഥലത്ത് കളി നടത്തിവേണം മത്സര ഫലം നിശ്ചയിക്കാന്‍. അതായത് മാര്‍ക്കിടാന്‍ പൊതുമാനദണ്ഡം വേണം. ചര്‍ച്ചകളും വേദികളും അത്തരത്തില്‍ തുല്യ അവസരങ്ങള്‍ അനുവദിയ്ക്കുന്നുണ്ടോ. പരിശോധിച്ചാല്‍ വ്യക്തമാകുന്നത് അങ്ങനെ സംഭവിക്കുന്നില്ലെന്നുതന്നെയാണ്.
ഭരണപക്ഷം, പ്രതിപക്ഷം എന്നാണ് ജനാധിപത്യത്തിന്റെ ഇരുപക്ഷം. എന്നാല്‍, ഭാരത രാഷ്ട്രീയത്തിന്റെ പ്രത്യേകതയായി മൂന്നാം പക്ഷം ശക്തിപ്പെട്ടിട്ടുണ്ട്. അത് ദേശീയതലത്തിലും പ്രാദേശിക തലത്തിലും ശക്തിപ്പെട്ടിട്ടുണ്ട്, കൂടുതല്‍ കരുത്തു നേടുന്നുണ്ട്. ഈ സാഹര്യത്തില്‍ ആ ‘മൂന്നാം മുന്നണി’യും പരിഗണിക്കപ്പെടണം. ജനമനസ്സിനെ സ്വാധീനിക്കുന്നതില്‍ ഇന്നും മുഖ്യപങ്കുവഹിക്കുന്ന മാധ്യമങ്ങള്‍ ഒരുക്കുന്ന വേദികളില്‍ നിശ്ചയമായും ഇതുണ്ടാവണം. ഭരണപക്ഷത്തിന് കൊടുക്കുന്ന അവസരവും അര്‍ഹതയും ഇതര കക്ഷികള്‍ക്കും കൊടുക്കണം. അതുപക്ഷേ, സംഭവിക്കുന്നില്ല എന്നിടത്താണ് ഇപ്പോഴത്തെ പ്രശ്നം. അത് വ്യക്തികളെ തിരിച്ചറിയാനുള്ള അവസരത്തിലെ തുല്യത ഇല്ലാതാക്കുന്നു. എല്ലാ രംഗത്തും ഈ തുല്യതയാണ് നമ്മള് ജനാധിപത്യത്തില്‍ വിഭാവനം ചെയ്യുന്നത്, അതിനു വേണ്ടിയാണ് പോരാടുന്നത്.
ബിജെപിക്ക്, ബിജെപി നയിക്കുന്ന എന്‍ഡിഎ എന്ന മൂന്നാം മുന്നണിയ്ക്ക് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ അര്‍ഹമായ സ്ഥാനവും അവസരവും ലഭിയ്ക്കുന്നുണ്ടോ, നല്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കേണ്ടത് മാധ്യമങ്ങളാണ്. അങ്ങനെ പരിഗണിയ്ക്കപ്പെടുന്നില്ലെന്ന് ആ മുന്നണിയും പാര്‍ട്ടികളും പറയുമ്പോള്‍, അതിന് കാരണമായി അവര്‍ മാധ്യമങ്ങളുടെ മനപ്പൂര്‍വമുള്ള അജണ്ടയെന്നോ, ആസൂത്രിതവും സംഘടിതവുമായ പരിപാടിയെന്നോ സംശയിക്കുമ്പോള്‍ മുമ്പു പറഞ്ഞ തുല്യതലത്തിലെ പോരാട്ടമെന്ന പൊതു മാനദണ്ഡം ഇല്ലെന്ന തോന്നലാണ് അതിനു കാരണം. ഉദാഹരണത്തിന്, ഒരു ഏഷ്യാനെറ്റ് ടെലിവിഷന്‍ ചര്‍ച്ചയില്‍, മൂന്നു മുന്നണികളുടെ നേതൃത്വം വഹിക്കുന്ന പാര്‍ട്ടികളുടെ നേതാക്കളെ നിരത്തി. കോണ്‍ഗ്രസ് (വി.എസ്.സുധീരന്), സിപിഎം (കോടിയേരി ബാലകൃഷ്ണന്), ബിജെപി (കുമ്മനം രാജശേഖരന്). ഒരോരോ വിഷയങ്ങളിലെ അഭിപ്രായ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കുമ്മനം രാജശേഖരന്റെ പ്രകടനത്തെ പ്രേക്ഷകര്‍ അഭിനന്ദിച്ചു, അടുത്ത ശ്വാസത്തില്‍ അവര്‍ അദ്ദേഹത്തിന് മറ്റുള്ളവര്‍ക്കു തുല്യമായ അവസരം നല്‍കിയില്ലെന്ന് ആക്ഷേപിച്ചു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഒരു പ്രാദേശിക പേജില്‍ തൃപ്പൂണിത്തുറ മണ്ഡലത്തെക്കുറിച്ച് വിശകലനം നടത്തി. അതില്‍, വ്യക്തിത്വം കൊണ്ടും യോഗ്യതകൊണ്ടും മറ്റും മറ്റും ഒട്ടും പിന്നിലല്ലാത്ത ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രൊഫ. തുറവൂര്‍ വിശ്വംഭരനെക്കുറിച്ച് പരാമര്‍ശമേ ഇല്ലായിരുന്നു. ഇങ്ങനെ ഓരോ മാധ്യമങ്ങളെയും പേരെടുത്തു പറയാനുണ്ട്…
പക്ഷേ, കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അതിനു ശേഷം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മൂന്നാം ശക്തിയായി ബിജെപിയെ അവതരിപ്പിച്ച, ത്രികോണ മത്സരം എന്നുപോലും പറയാന്‍ തയ്യാറായ, മൂന്നു സ്ഥാനാര്‍ത്ഥിമാരെ അതവരിപ്പിച്ച മാധ്യമങ്ങള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഫലം വന്നതോടെ നിലപാടു മാറ്റി. എന്നാല്‍, കൂടുതല്‍ പരിഗണന ആ പാര്‍ട്ടിയ്ക്കും മുന്നണിയ്ക്കും കൊടുക്കുകയല്ലേ വേണ്ടത്. കാരണം, ബിജെപി ഇന്ന് ഒറ്റപ്പാര്ട്ടിയല്ല, മുന്നണിയാണ്. ബിജെപി സംസ്ഥാനത്ത് ഭരിയ്ക്കുകയോ നിയമസഭയില്‍ അംഗത്വം നേടുകയോ ചെയ്തിട്ടില്ലെങ്കിലും ദേശീയ പാര്‍ട്ടിയാണ്.
ഒറ്റയ്ക്ക് മത്സരിച്ചാല്‍ പ്രമുഖ പാര്‍ട്ടിയെന്നോ, ദേശീയ പാര്‍ട്ടിയെന്നോ ഒക്കെയുള്ള വിശേഷണം സ്വയം ചാര്‍ത്തിയിട്ടുള്ള പാര്‍ട്ടികളേക്കാള്‍ ജനപിന്തുണ തെളിയിക്കാന്‍ പറ്റുന്ന പാര്‍ട്ടിയാണ്. കേരള നിയമസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക പരിശോധിച്ചാല്‍, ഏറ്റവും മികച്ച വ്യക്തി പ്രഭാവവും വ്യക്തിശുദ്ധിയും അവകാശപ്പെടാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികള്‍ ബിജെപി-എന്‍ഡിഎയുടേതാണ് എന്നും കാണാം. ജനങ്ങള്‍ക്ക് വ്യക്തികളെ വിലയിരുത്താനുള്ള അവസരം ഉണ്ടാകട്ടെ. അപ്പോഴാണ് വിനോബാജി പറഞ്ഞ സഞ്ചിത സംസ്കാരത്തിന്റെ പ്രകടനം കാണാനാകുന്നത്. അങ്ങനെ വ്യക്തികളിലൂടെ സംഘടനയെ തിരിച്ചറിയാനാവുന്നത്. കുമ്മനത്തെയും വിഎസ്സിനെയും ഉമ്മന്‍ ചാണ്ടിയേയും ഒ. രാജഗോപാലിനെയും വി.എം. സുധീരനേയും കോടിയേരിയേയും ചെന്നിത്തലയേയും പ്രൊഫ. തുറവൂര്‍ വിശ്വംഭരനേയും ജനങ്ങള്‍ തിരിച്ചറിയുന്നതും അംഗീകരിക്കുന്നതും തെരഞ്ഞെടുക്കുന്നതും.
** ** **
പിന്കുറിപ്പ്: പ്രധാനമന്ത്രിയാകാന്‍ ആര്‍ക്കെങ്കിലും വിധിയുണ്ടെങ്കില്‍ ആര്‍ക്കും തടയാനാവില്ലെന്ന് ജനതാദള്‍ നേതാവ് നിതീഷ് കുമാര്‍. രാജ്യത്തിനു ദുര്വിധിയുണ്ടെങ്കിലും അതു സംഭവിക്കുമെന്ന് ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് ദേവെ ഗൗഡ തെളിയിച്ചതാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: