കോഴിക്കോട്: റിയോ ഒളിമ്പിക്‌സിന്റെ ഗുഡ്‌വില്‍ അംബാസിഡറായി ബോളിവുഡ് താരം സല്‍മാന്‍ ഖാനെ നിയമിച്ചതിനെതിരേ പ്രതിഷേധങ്ങള്‍ തുടരുന്നു. രാജ്യാന്തര വോളിബോള്‍ താരം ടോം ജോസഫും നിയമനത്തിനെതിരേ രംഗത്തുവന്നു.
റിയോ ഡി ഷാനെയ്‌റോയില്‍ നടക്കുന്നത് മൂവി കാമറയ്‌ക്ക് മുന്നിലെ ആക്ഷനും കട്ടിനും ഇടയിലുള്ള ട്രിക്കല്ല. ഒളിമ്പിക്‌സിന് പോകുന്ന ഇന്ത്യക്കാരുടെ ഗുഡ്‌വില്‍ സല്‍മാന്‍ ഖാനെന്ന സൂപ്പര്‍ താരത്തെ ആശ്രയിച്ചുമല്ല.
പി.ടി.ഉഷ, അഞ്ജു ബോബി ജോര്‍ജ്, മില്‍ഖാ സിംഗ്, വിശ്വനാഥന്‍ ആനന്ദ്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നിവരൊക്കെയായി എത്രയോ പേരുണ്ട് കായിക രംഗത്ത് ഭാരതത്തിന്റെ ഗുഡ്‌വില്‍ ഉയര്‍ത്തിയവര്‍.
അവരിലാരെങ്കിലും പോരേ റിയോയുടെ ഗുഡ്‌വില്‍ അംബാസിഡറാകാന്‍ എന്നാണ് ടോം ജോസഫിന്റെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടോം പ്രതിഷേധം രേഖപ്പെടുത്തിയത്.
















