കണ്ണൂര്‍: ജില്ലയില്‍ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ് ഡോ.എ.ടി.മനോജ് അറിയിച്ചു.
ധാരാളം വെളളം കുടിക്കുക, ദാഹം തോന്നിയില്ലെങ്കില്‍പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2 മുതല്‍ 4 വരെ ഗ്ലാസ് വെളളം കുടിക്കണം. ധാരാളം വിയര്‍പ്പുളളവര്‍ ഉപ്പിട്ട കഞ്ഞിവെളളമോ ഉപ്പിട്ട നാരങ്ങ വെളളമോ കുടിക്കണം. വെയിലത്ത് പണി ചെയ്യേണ്ടി വരുന്നവര്‍ ഉച്ചക്ക് 12 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3 മണി വരെയുളള സമയമെങ്കിലും വിശ്രമിക്കുക. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുളളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കുട, തൊപ്പി, സണ്‍ഗ്ലാസ് ഉപയോഗിക്കുക. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടക്കിടെ തണലത്തേക്ക് മാറിനില്‍ക്കുകയും വെളളം കുടിക്കുകയും ചെയ്യുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. ചൂട് കൂടുതലുളള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്കരീതിയിലും വാതിലുകളും ജനലുകളും തുറന്നിടുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക. പ്രായാധിക്യമുളളവരുടെയും (65 വയസിന് മുകളില്‍) കുഞ്ഞുങ്ങളുടെയും (4 വയസിന് താഴെ) മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. വെയിലേല്ക്കുമ്പോള് ത്വക്കിലോ ശരീരത്തിലോ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ വെയിലത്ത് നിന്ന് മാറി നില്‍ക്കണം. തണുത്തവെളളം കൊണ്ട് ശരീരം തുടയ്ക്കുക, കൈകാലുകളും മുഖവും കഴുകുക, കുളിക്കുക, ധാരാളം വെളളം കുടിക്കുക. പൊളളലേറ്റാല്‍ കുമിളകള്‍ പൊട്ടിക്കരുത്. കഴിയുന്നതും വേഗം ഡോക്ടറെ കണ്ട് ചികിത്സയെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: