തിരുവനന്തപുരം: എന്‍ജിനീയറിങ്, മെഡിക്കല്‍ പൊതു പ്രവേശന പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും ഡല്‍ഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിലുമായി ആകെ 351 കേന്ദ്രങ്ങളിലാണു പരീക്ഷ. എന്‍ജിനീയറിങ് പരീക്ഷ ഇന്നും നാളെയും മെഡിക്കല്‍ പ്രവേശനപ്പരീക്ഷ 27, 28 തീയതികളിലുമായി നടക്കും. ആകെ 1,65,861 അപേക്ഷകരില്‍ 1,23,914 പേര് എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയും 1,26,186 പേര് മെഡിക്കല്‍ പരീക്ഷയും എഴുതും.
പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷയിലെ ന്യൂനതകള്‍ കാരണം തടഞ്ഞുവയ്ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡില്ലാതെ ഒരു വിദ്യാര്‍ത്ഥിയെയും പരീക്ഷയ്ക്കു പ്രവേശിപ്പിക്കില്ല. കാര്‍ഡിന്റെ കളര്‍ പ്രിന്റൗട്ടുമായി വിദ്യാര്‍ത്ഥികള്‍ നിശ്ചിതസമയത്തിനു മുന്‍പ് തന്നെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തണം. പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
നീല, കറുപ്പ്, മഷിയുളള ബോള്‍പോയിന്റ് പേന ഒഴികെ മറ്റ് വസ്തുക്കള്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷാഹാളില്‍ കൊണ്ടുവരുന്നത് പരീക്ഷാ ക്രമക്കേടായി കണക്കാക്കും.കേരളത്തിലെ 347 കേന്ദ്രങ്ങളിലും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംശയമുള്ള വിദ്യാര്‍ത്ഥികളുടെ ദേഹപരിശോധന ഉള്‍പ്പെടെ നടത്തുന്നതിന് ചീഫ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രവേശനപരീക്ഷാകമ്മീഷണര്‍ ബി.എസ്. മാവോജി അറിയിച്ചു.
എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിലെ സ്കോര്‍, യോഗ്യതാ പരീക്ഷയിലെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മാര്‍ക്ക് എന്നിവയ്ക്ക് തുല്യപ്രധാന്യം നല്കി തയാറാക്കുന്ന റാങ്ക്പട്ടികയില്‍ നിന്നാണ് എന്‍ജിനീയറിങ് കോഴ്സുകളിലേക്ക് പ്രവേശനം. എംബിബിഎസ്, ബിഡിഎസ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം മെഡിക്കല്‍ പ്രവേശനപരീക്ഷയിലെ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: