ന്യൂദല്‍ഹി: വിവാദ മദ്യരാജാവ് വിജയ് മല്ല്യയ്ക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടി എടുത്തുതുടങ്ങി. ഇതിന്റെ ഭാഗമായി മല്ല്യയുടെ പാസ്പോര്‍ട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. പാസ്പോര്‍ട്ട് ആക്ട് എസ്. 10(3) (സി) ആന്‍ഡ് (എച്ച്) പ്രകാരം മല്ല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയെന്ന് കേന്ദ്ര വിദേശമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ഭാരതത്തില്‍ തിരിച്ചെത്തി അേന്വഷണത്തിന് വിധേയനാകണമെന്ന് മല്ല്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു തൃപ്തികരമായ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് പാസ്പോര്‍ട്ട് റദ്ദുചെയ്യാന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്.
ബാങ്ക് വായ്പ കുടിശിക അടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് ഒളിച്ചോടിയ മല്ല്യയ്ക്ക് ഇത് വലിയ തിരിച്ചടിയാണ്. പാസ്പോര്‍ട്ട് റദ്ദാക്കിയതിനുശേഷവും ബ്രിട്ടിനില്‍ തങ്ങുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ മല്ല്യ സ്വയം തിരിച്ചുവന്നില്ലെങ്കില്‍ ബ്രിട്ടീഷ് അധികാരികള്‍ നാടുകടത്തുമെന്നും വികാസ് സ്വരൂപ് അറിയിച്ചു. ഒരുമാസത്തോളമായി മല്ല്യ ലണ്ടനിലാണ്.
ബാങ്ക് വായ്പ സംബന്ധിച്ച് നടപടി സ്വീകരിക്കാനിരിക്കേയാണ് മല്ല്യ ലണ്ടനിലേക്ക് മുങ്ങിയത്. അതിനുശേഷം വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ വിചാരണയ്ക്ക് ഹാജരായതും ബാങ്ക് അധികൃതരുമായും ബന്ധപ്പെട്ടതും.
വിവിധ ബാങ്കുകളിലായി 9000 കോടി രൂപയാണ് മല്ല്യ തിരിച്ചടയ്ക്കാനുള്ളത്. ഐഡിബിഐ ബാങ്കില്‍ നിന്നെടുത്ത വായ്പതുകയില്‍ 900 കോടി വിദേശത്ത് സ്വത്ത് വാങ്ങുന്നതിനായി വകമാറ്റി ചെലവഴിച്ചതായി മല്ല്യക്കെതിരെ ആരോപണമുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്നു തവണ സമന്‍സ് അയച്ചെങ്കിലും മല്ല്യ അത് കൈപ്പറ്റാതെ തിരിച്ചയയ്ക്കുകയായിരുന്നു. ഇതിനെ ത്തുടര്‍ന്ന് മല്ല്യയുടെ പാസ്പോര്ട് റദ്ദാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി. മല്ല്യയെ നിയമത്തിനു വിധേയനാക്കി ഭാരതത്തില്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം ബാങ്കുകളുടെ ഹര്ജിയിന്മേല് മുംബൈ കോടതി മല്ല്യയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പലതവണ സമന്‍സ് അയച്ചിട്ടും അദ്ദേഹം ഹാജരായിരുന്നില്ല. ബാങ്കുകളുമായി ചര്‍ച്ച നടക്കുകയാണെന്നും അതിനാല്‍ സമയം നീട്ടിനല്‍കണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. അതിനിടെ ബാങ്കുവായ്പയില്‍ 4400 കോടി തിരിച്ചടയ്ക്കാമെന്ന് മല്ല്യ അറിയിച്ചെങ്കിലും ബാങ്കുകളുടെ കൂട്ടായ്മ ഇത് തള്ളി. തുടര്‍ന്ന് കഴിഞ്ഞ ദിവസം 2468 കോടി കൂടി (മൊത്തം 6868 കോടി) വായ്പയിനത്തില്‍ തിരിച്ചടക്കാമെന്ന് മല്ല്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: