ഹൈദരാബാദ്: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ തോല്‍വി പരമ്പരയ്‌ക്ക് അറുതിയായില്ല. കഴിഞ്ഞ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് അഞ്ചു വിക്കറ്റിനു തോറ്റു പഞ്ചാബ്. സ്‌കോര്‍: കിങ്‌സ് ഇലവന്‍ പഞ്ചാബ് – 143/6 (20), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 146/5 (17.5). അഞ്ചു കളികളില്‍ ഹൈദരാബാദ് മൂന്നാം ജയം കുറിച്ചപ്പോള്‍, പഞ്ചാബിന് നാലാം തോല്‍വി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ മുസ്തഫിസുര്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ കെട്ടിയിട്ടു. നാലോവറില്‍ ഒമ്പത് റണ്‍ വഴങ്ങി രണ്ടു വിക്കറ്റെടുത്തു മുസ്തഫിസുര്‍. ഷോണ്‍ മാര്‍ഷ് (40), അക്ഷര്‍ പട്ടേല്‍ (36 നോട്ടൗട്ട്), മനന്‍ വോറ (25), നിഖില്‍ നായിക്ക് (22) എന്നിവര്‍ മാത്രമേ പഞ്ചാബിനായി പൊരുതിയുള്ളു. മോയ്‌സസ് ഹെന്റിഖസും രണ്ടു വിക്കറ്റ് വീഴ്‌ത്തി. ഭുവനേശ്വര്‍ കുമാറിന് ഒരു വിക്കറ്റ്.
ഫോം തുടരുന്ന ഓപ്പണര്‍മാര്‍ നായകന്‍ ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും 90 റണ്‍സ് ചേര്‍ത്ത് ഹൈദരാബാദിന് ജയിക്കാനുള്ള അടിത്തറ നല്‍കി. 31 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സറും സഹിതം വാര്‍ണര്‍ 59 റണ്‍സെടുത്തപ്പോള്‍, 44 പന്തില്‍ നാലു ഫോറുകളോടെ 45 റണ്‍സ് നേടി ധവാന്‍. ഇവര്‍ക്കു ശേഷം തുടരെ വിക്കറ്റ് വീണെങ്കിലും ഇയാന്‍ മോര്‍ഗന്റെ (20 പന്തില്‍ 25) പ്രകടനം കൂടുതല്‍ പരിക്കില്ലാതെ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. ഹെന്റിഖസും (അഞ്ച്) നമന്‍ ഓജയും (രണ്ട്) പുറത്താകാതെ നിന്നു. മുസ്തഫിസുറാണ് കളിയിലെ താരം.
















