ഉലാന്‍ബതര്‍ (മലേഷ്യ): ഒളിംപിക് യോഗ്യതയെന്ന ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗാട്ടിന്റെ സ്വപ്നങ്ങള്‍ക്ക് താത്കാലിക തിരിച്ചടി. മലേഷ്യയില്‍ നടന്ന ഒളിംപിക് യോഗ്യതാ റൗണ്ടില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ ഭാരക്കൂടുതല്‍ കാരണം വിനേഷിനെ അയോഗ്യയാക്കി. ഈ വിഭാഗത്തിലെ മത്സരാര്‍ത്ഥികള്‍ക്ക് ആവശ്യമായതിനേക്കാള്‍ 400 ഗ്രാം കൂടുതലാണ് വിനേഷിന്റെ ഭാരം.
ഇതാണ് താരത്തിനു തിരിച്ചടിയായത്. വിനേഷിനെ അയോഗ്യയാക്കിയ വിവരം റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയും സ്ഥിരീകരിച്ചു. ഭാരക്കൂടുതലുള്ള കാര്യം വിനേഷിനെയും പരിശീലകനെയും യഥാസമയം അറിയിച്ചിരുന്നുവെന്നും ഫെഡറേഷന് വക്താവ് പറഞ്ഞു. മേയ് ആറു മുതല്‍ എട്ടു വരെ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കുന്ന രണ്ടാം ഘട്ട യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത് വിനേഷിന് ഒരുതവണകൂടി റിയോ ടിക്കറ്റിന് ശ്രമിക്കാം.
എന്നാല്‍, തുര്‍ക്കിയിലും തോറ്റാല്‍ വിനേഷിനെതിരെ നടപടിയുണ്ടാകും. ഭാരക്കൂടുതല്‍ മുന്‍കൂട്ടി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാതിരുന്നതില്‍ ഫെഡറേഷന് അധികൃതര്‍ അസംതൃപ്തി പ്രകടിപ്പിച്ചു.
മലേഷ്യയില്‍ പോരിനിറങ്ങിയ മറ്റു വനിതാ താരങ്ങള്‍ക്കും തോല്‍വി. ബബിത ഫൊഗാട്ട് (53 കിലോ), ഗീത ഫൊഗാട്ട് (58), അങ്കിത (63), നവജോത് കൗര്‍ (69), ജ്യോതി (75) എന്നിവരും കീഴടങ്ങിയതോടെ ഇന്ത്യയ്ക്ക് സമ്പൂര്‍ണ നിരാശ. എല്ലാവര്ക്കും തുര്‍ക്കിയില്‍ ഒരവസരംകൂടി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: