ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. സ്റ്റോക്ക് സിറ്റിയെ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്കു തുരത്തി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കു കയറി സിറ്റി. കെലെച്ചി ഇഹ്യനാച്ചോയുടെ ഇരട്ട ഗോളുകളാണ് സിറ്റിയെ തകര്‍പ്പന്‍ ജയത്തിലേക്കു നയിച്ചത്.
സെര്‍ജിയോ അഗ്വെയ്‌റോയെയും ഇഹ്യനാച്ചോയെയും സ്‌ട്രൈക്കര്‍മാക്കിയ പരിശീലകന്‍ മാനുവല്‍ പെല്ലഗ്രിനിയുടെ നീക്കം ഫലിച്ചു. 35ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ റെജസിലൂടെ സിറ്റി മുന്നില്‍. കോര്‍ണറില്‍നിന്ന് ജീസസ് നവാസ് നല്‍കിയ പാസ് മിന്നും ഹെഡ്ഡറിലൂടെ ഫെര്‍ണാണ്ടോ വലയിലെത്തിച്ചു (1-0). ആദ്യ പകുതി അവസാനിക്കാന്‍ രണ്ടി മിനിറ്റ് ശേഷിക്കെ സെര്‍ജിയോ അഗ്വെയ്‌റോ ലീഡുയര്‍ത്തി. യായ ടുറെയെ ബോക്‌സില്‍ വീഴ്‌ത്തിയതിനു ലഭിച്ച പെനല്‍റ്റി പോസ്റ്റിന് ഇടതു മൂലയിലേക്ക് നിക്ഷേപിച്ചു അഗ്വെയ്‌റോ (2-0).
ഇടവേളയ്‌ക്കു ശേഷം ഇഹ്യാനാച്ചോയുടെ സ്‌കോറിങ്. 64, 74 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. വലതു പാര്‍ശ്വത്തിലൂടെ പന്തുമായി മുന്നേറി എതിര്‍ പ്രതിരോധത്തെ കബളിപ്പിച്ച് പാബ്ലോ സബലേറ്റ നല്‍കിയ പാസ് ആദ്യം താരം അനായാസം ലക്ഷ്യത്തിലെത്തിച്ചു (3-0). അടുത്ത ഗോള്‍ വില്‍ഫ്രഡ് ബോണി നല്‍കിയ പാസില്‍നിന്ന്. എതിര്‍ പ്രതിരോധത്തിനു മുകളിലൂടെ ലഭിച്ച പാസിലൂടെ ഇഹ്യാനാച്ചോ പട്ടിക തികച്ചു (4-0). 35 കളികളില്‍ 64 പോയിന്റായി സിറ്റിക്ക്.
















