തൃശൂര്‍: മന്ത്രി കെ.ബാബുവിനെതിരായ ബാര്‍കോഴ ആരോപണക്കേസില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് തൃശൂര്‍ വിജിലന്‍സ് കോടതി വീണ്ടും മാറ്റി. കേസ് മെയ് 23ന് പരിഗണിക്കും. ത്വരിതാന്വേഷണ നടപടിക്രമത്തെ മറികടന്ന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്ന വിവാദ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തില്‍, ഫെബ്രവരി എട്ടിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മൂന്നാം തവണയാണ് പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്.
എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതിയുടെ വിധി ജനുവരി 28നാണ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിട്ടത്. ബാബുവിനെതിരായ കോഴയാരോപണം തെളിയിക്കാനുള്ളതൊന്നും കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി കഌന്‍ ചിറ്റ് നല്‍കിയുള്ളതാണ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട്. നേരത്തെ അന്വേഷണത്തിന് ഉത്തരവിടുമ്പോള്‍ സര്‍ക്കാരിനും വിജിലന്‍സിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും കോടതി നടത്തിയിരുന്നു. ഇതും കൂടി പരാമര്‍ശിച്ചായിരുന്നു ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.
അന്വേഷണത്തിന് ഉത്തരവിട്ട വിവാദ ജഡ്ജ് എസ്.എസ്. വാസന് സ്ഥലം മാറിയതിനെ തുടര്‍ന്ന് പുതിയ ജഡ്ജി സി.ജയചന്ദ്രനാണ് കേസ് പരിഗണിച്ചത്. മലയാളവേദി പ്രസിഡണ്ട് ജോര്‍ജ് വട്ടുകുളം നല്കിയ പരാതിയിലാണ് അന്വേഷണം. ബാര്‍ ലൈസന്‍സ് ഫീസ് കുറച്ച് നല്‍കുന്നതിനും അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു കൊടുക്കുന്നതിനുമായി 50 കോടി രൂപ കോഴവാങ്ങിയെന്ന് ബാറുടമ ബിജുരമേശ് സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയായിരുന്നു ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: