ലണ്ടന്‍: ലിവര്‍പൂളിന്റെ ഫ്രഞ്ച് പ്രതിരോധനിര താരം മമദൗ സാഖോയ്‌ക്ക് സസ്‌പെന്‍ഷന്‍. നിരോധിത മരുന്നുപയോഗിച്ചുവെന്ന് പരിശോധനയില്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി. മാര്‍ച്ച് 17ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി നടന്ന യുറോപ്പ ലീഗ് പ്രാഥമിക റൗണ്ട് മത്സരത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് താരം മരുന്നുപയോഗിച്ചതായി കണ്ടെത്തിയത്.
തടി കുറയ്‌ക്കുന്നതിനുള്ള മരുന്ന് ഉപയോഗിച്ചതെന്നു റിപ്പോര്‍ട്ട്. ബി സാംപ്ള്‍ പോസിറ്റീവായതോടെ താരത്തെ ലിവര്‍പൂള്‍ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പാണ് തീരുമാനം അറിയിച്ചത്. അടുത്തയാഴ്ച ആദ്യം നടക്കുന്ന പരിശോധനയില്‍ വീണ്ടും പോസിറ്റീവായാല്‍ ആറു മാസം വരെ വിലക്ക് ലഭിക്കും.
2013ല്‍ പാരീസ് സെന്റ് ജര്‍മനില്‍നിന്നാണ് മമദൗ സാഖോ ലിവര്‍പൂളിലെത്തിയത്. ആന്‍ഫീല്‍ഡില്‍ 34 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു താരം. സമീപകാലത്ത് ലിവര്‍പൂള്‍ പ്രതിരോധത്തില്‍ തിളങ്ങിയ സാഖോ, ടീമിന്റെ പല വിജയങ്ങളിലും നിര്‍ണായകമായി. കഴിഞ്ഞ ദിവസം എവര്‍ട്ടണിനെ 4-0ത്തിനു ലിവര്‍പൂള്‍ തകര്‍ത്തപ്പോള്‍ ഗോളടിച്ച് തിളങ്ങിയിരുന്നു ഫ്രഞ്ച് താരം.
















