ന്യൂദല്‍ഹി: മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ അര്‍ധശതകം ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് മൂന്നാം ജയം സമ്മാനിച്ചു. 48 പന്തില്‍ നാല് ഫോറും രണ്ട് സിക്സറും സഹിതം 60 റണ്‍സെടുത്ത സഞ്ജുവിന്റെ മികവില്‍ 10 റണ്‍സിന് മുംബൈ ഇന്ത്യന്‍സിനെ കീഴടക്കി ഡെയര്‍ഡെവിള്‍സ്. രോഹിത് ശര്‍മയിലൂടെ (65) മുംബൈ മറുപടിക്ക് ശ്രമിച്ചെങ്കിലും അവസാന ഓവറില്‍ രോഹിത് പുറത്തായത് മുംബൈയെ വീണ്ടും തോല്‍വിയുടെ കയ്പ്പൂനീര് കുടിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത് ഒരു ടീം നേടുന്ന മൂന്നാം ജയം കുറിച്ച ഡല്‍ഹി (മറ്റു രണ്ടു ജയവും റോയല്‍ചലഞ്ചേഴ്സ് ബാംഗ്ലൂരിന്) ആറു പോയിന്റുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറി. സ്കോര്‍: ഡല്‍ഹി ഡെയര്‍ഡെവിള്‍സ് – 164/4 (20), മുംബൈ ഇന്ത്യന്‍സ് – 154/7 (20).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഡല്‍ഹിയുടെ തുടക്കം ആശാവഹമായിരുന്നില്ല. 54 റണ്‍സിന് മൂന്നു വിക്കറ്റ് നഷ്ടമായ ഡല്‍ഹിയെ സഞ്ജുവും ജെ.പി. ഡുമിനിയുമാണ് പ്രതിരോധിക്കാവുന്ന സ്കോറിലേക്ക് നയിച്ചത്. 31 പന്തില്‍ മൂന്നു ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 49 റണ്‍സെടുത്തു ഡുമിനി. ശ്രേയസ് അയ്യര്‍ (19), പവന് നേഗി (10 നോട്ടൗട്ട്) എന്നിവരും 12 എക്സ്ട്രാ റണ്ണുകളും ഡല്‍ഹിയുടെ സ്കോര്‍ ഉയര്‍ത്തി. രണ്ടു വിക്കറ്റെടുത്ത മിച്ചല്‍ മക്ലെന്ഘനാണ് മുംബൈ ബൗളര്‍മാരില്‍ തിളങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ, ഹര്ഭജന് സിങ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
ഇടയ്ക്ക് വിക്കറ്റ് വീഴുമ്പോഴും അചഞ്ചലനായി നിന്ന രോഹിത് ശര്‍മ മുംബൈയ്ക്ക് ജയം സമ്മാനിക്കുമെന്ന് തോന്നിപ്പിച്ചു. ക്രിസ് മോറിസ് എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സ് വേണ്ടിയിരിക്കെ രണ്ടാം പന്തില്‍ സിക്സറുമായി രോഹിത് ഗ്യാലറിയെ ആവേശത്തിലാഴ്ത്തി. എന്നാല്‍, മൂന്നാം പന്തില്‍ രണ്ടാം റണ്ണിനു ശ്രമിക്കവെ ഹാര്‍ദിക് പാണ്ഡ്യയുമായി കൂട്ടിയിടിച്ച് വീണ് രോഹിത് റണ്ണൗട്ടായത് മുംബൈയുടെ മോഹങ്ങള്‍ തല്ലിക്കെടുത്തി.
നാല്‍പ്പത്തിയെട്ട് പന്തില്‍ ഏഴു ഫോറും ഒരു സിക്സറും സഹിതമാണ് മുംബൈ നായകന് 65 റണ്‍സെടുത്തത്. അമ്പാട്ടി റായുഡു (25), ക്രുനാല്‍ പാണ്ഡ്യ (36), കീറോണ്‍ പൊള്ളാര്‍ഡ് (19) എന്നിവരും രണ്ടക്കം കണ്ടു. പാണ്ഡ്യ 17 പന്തില്‍ നാലു ഫോറും രണ്ടു സിക്സറും സഹിതം 36 റണ്‍സെടുത്തു. നാലോവറില്‍ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത അമിത് മിശ്രയാണ് ഡല്‍ഹി ബൗളര്‍മാരില്‍ മുന്പില്. സഹീര്‍ ഖാന്, ക്രിസ് മോറിസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. മൂന്ന് റണ്ണൗട്ടുകളും മുംബൈയുടെ വിധിയെഴുതി.
സ്കോര്‍ബോര്‍ഡ്
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്
ക്വിന്റണ്‍ ഡി കോക്ക് സി ഹാര്‍ദിക് ബി മക്ലെന്ഘന് 9, ശ്രേയസ് അയ്യര്‍ സി റായുഡു ബി ഹാര്‍ദിക് 19, സഞ്ജു സാംസണ് സി സൗത്തി ബി മക്ലെന്ഘന് 60, കരുണ്‍ നായര്‍ സി സൗത്തി ബി ഹര്ഭജന് 5, ജെ.പി. ഡുമിനി നോട്ടൗട്ട് 49, പവന് നേഗി നോട്ടൗട്ട് 10, എക്സ്ട്രാസ് 12, ആകെ 20 ഓവറില്‍ നാലു വിക്കറ്റിന് 164.
വിക്കറ്റ് വീഴ്ച: 1-11, 2-48, 3-54, 4-125.
ബൗളിങ്: ടിം സൗത്തി 3-0-21-0, മിച്ചല്‍ മക്ലെന്ഘന് 4-0-31-2, ജസ്പ്രീത് ബുംറ 4-0-42-0, ക്രുനാല്‍ പാണ്ഡ്യ 4-0-25-0, ഹാര്‍ദിക് പാണ്ഡ്യ 1-0-7-1, ഹര്ഭജന് സിങ് 3-0-24-1, കീറോണ്‍ പൊള്ളാര്‍ഡ് 1-0-11-0.
മുംബൈ ഇന്ത്യന്‍സ്
രോഹിത് ശര്‍മ റണ്ണൗട്ട് (നേഗി/മോറിസ്/ഡികോക്ക്) 65, പാര്‍ഥിവ് പട്ടേല്‍ റണ്ണൗട്ട് (അയ്യര്‍/ഡികോക്ക്) 1, അമ്പാട്ടി റായുഡു ബി മിശ്ര 25, ക്രുനാല്‍ പാണ്ഡ്യ റണ്ണൗട്ട് (സഹീര്‍) 36, ജോസ് ബട്ലര് എല്‍ബിഡബ്ല്യു ബി മിശ്ര 2, കീറോണ്‍ പൊള്ളാര്‍ഡ് സി മോറിസ് ബി സഹീര്‍ 19, ഹാര്‍ദിക് പാണ്ഡ്യ നോട്ടൗട്ട് 2, ഹര്ഭജന് സിങ് എല്‍ബിഡബ്ല്യു ബി മോറിസ് 0, ടിം സൗത്തി നോട്ടൗട്ട് 3, എക്സ്ട്രാസ് 3, ആകെ 20 ഓവറില്‍ ഏഴു വിക്കറ്റിന് 154.
വിക്കറ്റ് വീഴ്ച: 1-9, 2-62, 3-103, 4-110, 5-144, 6-152, 7-152.
ബൗളിങ്: സഹീര്‍ ഖാന് 4-0-30-1, മുഹമ്മദ് ഷാമി 3-0-24-0, പവന് നേഗി 1-0-19-0, ക്രിസ് മോറിസ് 4-0-27-1, അമിത് മിശ്ര 4-0-24-2, ഇമ്രാന് താഹിര്‍ 4-0-29-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: