തിരുവനന്തപുരം: പ്രതീക്ഷിച്ചിരുന്ന വേനല്‍മഴ കൂടി ഇല്ലാതായതോടെ കേരളം കടുത്ത വരള്‍ച്ചയിലേക്ക് പോകുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍, കനത്തചൂടിന് ആശ്വാസമായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴപെയ്തെങ്കിലും താപനിലയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ഇത് ഗൗരവമായി കാണണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ പറയുന്നു.
വെള്ളിയാഴ്ച കോഴിക്കോട്- 38.9, കണ്ണൂര്‍ -38.5, ആലപ്പുഴ -36.6, പുനലൂര്‍ -36.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. അതേസമയം പുനലൂര്‍ (മൂന്ന് സെ.മീ), കാഞ്ഞിരപ്പള്ളി, കുരുടമണ്ണില്‍ (ഒരു സെ.മീ) എന്നിവിടങ്ങളില്‍ മഴ പെയ്തു. അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പാലക്കാട്ടാണ്- 38.8 ഡിഗ്രി സെല്‍ഷ്യസ്. സാധാരണനിലയില്‍ നിന്ന് 2.4 ഡിഗ്രി കൂടുതലാണിത്. 27.3 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട്ട് രേഖപ്പെടുത്തിയ കുറഞ്ഞ ചൂട്. കഴിഞ്ഞവാരം ഇവിടെ 40 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ടിരുന്നു. ഇതില്‍നിന്ന് നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും കുറഞ്ഞചൂട് 27 ഡിഗ്രിക്ക് മുകളില്‍ തുടരുകയാണ്. ഇതിനാല്‍ താപനിലയിലുണ്ടാകുന്ന കുറവ് ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്നില്ല.
നിലവിലുള്ള രീതിയില്‍ ഭൂഗര്‍ഭജലചൂഷണം തുടര്‍ന്നാല്‍ 2050ഓടെ ഭാരതത്തിന് വിദേശത്തുനിന്ന് വെള്ളം ഇറക്കുമതി ചെയ്യേണ്ടിവരുമെന്ന് ഭൂഗര്‍ഭജല ബോര്‍ഡ് നടത്തിയ പഠനം പറയുന്നു. വര്‍ഷന്തോറും ഭൂഗര്‍ഭജല ഉപയോഗം കൂടിവരുകയും ലഭ്യത കുത്തനെ കുറയുകയും ചെയ്യുന്നതായി പഠനത്തില്‍ തെളിഞ്ഞു.കാടുകള്‍ ഇല്ലാതായതും കുളം, തടാകം, കിണര്‍ എന്നിവിടങ്ങളിലെ മഴവെള്ളശേഖരം കുറഞ്ഞതുമാണ് ഭൂഗര്‍ഭജലത്തിന്റെ അളവ് കുറയാനിടയാക്കിയത്.
നഗരപ്രദേശങ്ങളിലെ ജനങ്ങളില്‍ 85 ശതമാനവും ഗ്രാമങ്ങളിലെ 50 ശതമാനവും ആശ്രയിക്കുന്നത് ഭൂഗര്‍ഭജലത്തെയാണ്. ഇതാണ് രാജ്യത്തെ വരള്‍ച്ചയിലേക്ക് തള്ളിവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: