ന്യൂദല്‍ഹി : ജലക്ഷാമം കാരണം ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടക്കുമോ എന്ന് സംശയിച്ചിരുന്നു. ഈ വിഷയത്തില്‍ കോടതി ഇടപെടല്‍ കൂടി വന്നതോടെ ഐപിഎല്‍ മത്സരവേദി അടുത്ത വര്‍ഷം മുതല്‍ വിദേശത്ത് മാറ്റാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ആലോചിക്കുകയാണെന്ന് ബിസിസി ജനറല്‍ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു.
ഇത്തവണ മഹാരാഷ്ട്രയിലെ മുംബൈ, പൂനൈ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ നടത്താനുള്ള തീരുമാനമാണ് പ്രതിസന്ധിയിലേക്ക് വഴിവച്ചത്. മറാത്തവാഡ മേഖലയില്‍ ജലം കിട്ടാതെ സാധാരണക്കാര്‍ വലയുമ്പോള്‍ വന്‍തുക ചെലവിട്ട് ഐപിഎല്‍ സംഘടിപ്പിക്കുന്നതിനെതിരെ ഒരു സംഘടന മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദ്യമത്സരങ്ങള്‍ നടത്താന്‍ അനുമതി നല്കിയ കോടതി പിന്നീട് മേയ് മാസത്തില്‍ മഹാരാഷ്ട്രയില്‍ മത്സരങ്ങള്‍ നടത്തരുതെന്ന് ഉത്തരവിടുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് പുറത്ത് മത്സരവേദി ഒരുക്കുന്നതിനെപ്പറ്റി സംഘാടകര്‍ ചിന്തിക്കുന്നത്. ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ വേദികള്‍ക്കായി ശ്രമം തുടങ്ങിയതായും താക്കൂര്‍ ദല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനുമുമ്പ് രണ്ട് ഐപിഎല്‍ സീസണുകള്‍ വിദേശത്ത് നടന്നിട്ടുണ്ട്. 2009ലും 2014ലും തെരഞ്ഞെടുപ്പ് പ്രമാണിച്ചാണ് ഐപിഎല്‍ വിദേശത്തേയ്ക്ക് മാറ്റിയത്. ആദത്തേത് ദക്ഷിണാഫ്രക്കയിലും രണ്ടാമത്തേത് 15 ദിവസത്തേയ്ക്ക് യുഎഇയിലുമാണ് അരങ്ങറിയത്.
ജലക്ഷാമം കാരണം ഇത്തവണ 12 മത്സരങ്ങള്‍ മുംബൈയില്‍ നിന്നും മാറ്റേണ്ടതായിവന്നിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഭാവിയില്‍ മത്സരത്തെ സാരമായി ബാധിക്കുമെന്നും താക്കൂര്‍ പറഞ്ഞു. ടീമുകള്‍ക്ക് ഹോംഗ്രൗണ്ടിലെ മത്സരങ്ങള്‍ നഷ്ടമാകുന്നത് ശരിയല്ലെന്ന് ഫ്രാഞ്ചൈസകള് അറിയിച്ചിട്ടുണ്ട്.
പൂര്‍ണ്ണമായും വേദി വിദേശത്തേക്ക് മാറ്റിയാല്‍ ബിസിസിഐയെ കനത്ത സാമ്പത്തിക നഷ്ടത്തിലേക്ക് തള്ളിവിടാനും സാധ്യതയുണ്ട്. അതിനാല്‍ ടൂര്‍ണമെന്റ് മുഴുവനായി മാറ്റാതെ വരുമാനനഷ്ടം ഉണ്ടാകാത്ത രീതിയിലുള്ള നടത്തിപ്പനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: