ലണ്ടന്‍: ചിലിയന്‍ സൂപ്പര്‍താരം അലക്‌സിസ് സാഞ്ചസിന്റെ ഇരട്ട ഗോളില്‍ ആഴ്‌സണലിന് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ്‌ബ്രോംവിച്ചിനെയാണ് ഗണ്ണേഴ്‌സ് തകര്‍ത്തത്. വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ സാധ്യതയും ആഴ്‌സണല്‍ നിലനിര്‍ത്തി. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ അഞ്ഞൂറാം വിജയവും ആഴ്‌സണല്‍ സ്വന്തമാക്കി. 34 കളികള്‍ പൂര്‍ത്തിയാക്കിയ ആഴ്‌സണലിന് 63 പോയിന്റാണുള്ളത്. തൊട്ടുപിന്നിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കു 61 പോയിന്റും. 59 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാമത്.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും കളിയുടെ തുടക്കം മുതല്‍ ആഴ്‌സണലിന്റെ ആധിപത്യമായിരുന്നു. 16 ഷോട്ടുകള്‍ പായിച്ചതില്‍ 7 എണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങി. എന്നാല്‍ രണ്ടെണ്ണം മാത്രമാണ് വലയില്‍ കയറിയത്. ബാക്കിയെല്ലാം വെസ്റ്റ് ബ്രോം ഗോളിയുടെ മിടുക്കിന് മുന്നില്‍ വിഫലമായി. ഇന്നലത്തെ മത്സരത്തിലും കഴിഞ്ഞ ആറ് കളികളിലായി ആറു തവണ വലകുലുക്കിയ സാഞ്ചസ് തന്നെയായിരുന്നു ഗണ്ണേഴ്‌സിന്റെ കുന്തമുന. ആറാം മിനിറ്റില്‍ നേടിയ ആദ്യ ഗോള്‍ മനോഹരമായിരുന്നു.
ആരോണ്‍ റംസിയുടെ പാസ് സ്വീകരിച്ച സാഞ്ചസ് നാലു പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് നിലംപറ്റെ പന്ത് വലയിലേക്കു തൊടുത്തപ്പോള്‍ വെസ്റ്റ് ബ്രോം ഗോളി ഫോസ്റ്റര്‍ക്കു കാര്യമായൊന്നും ചെയ്യാനായില്ല. തുടര്‍ന്നും ആഴ്‌സണലിന്റെ മുന്നേറ്റങ്ങള്‍ക്കായിരുന്നു എമിറേറ്റ്‌സ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 38-ാം മിനിറ്റില്‍ ഗണ്ണേഴ്‌സിന്റെ രണ്ടാം ഗോളും പിറന്നു. റംസിയെ ബോക്‌സിനു വെളിയില്‍ വീഴ്‌ത്തിയതിനു ലഭിച്ച ഫ്രീകിക്കില്‍നിന്ന്. കിക്കെടുത്ത സാഞ്ചസിന് ഇത്തവണയും പിഴച്ചില്ല.
വെസ്റ്റ്‌ബ്രോം പ്രതിരോധമതിലിനിടയിലൂടെ പന്ത് വലയിലേക്ക്. രണ്ടാംപകുതിയില്‍ ആക്രമിച്ചു കളിച്ചെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടാന്‍ ആഴ്‌സണലിനായില്ല. ഇടയ്‌ക്ക് ഒന്നുരണ്ടു തവണ ഗണ്ണേഴ്‌സ് ബോക്‌സില്‍ പന്തെത്തിച്ചെങ്കിലും അത് മുതലാക്കാന്‍ അവര്‍ക്ക് കഴിയാതിരുന്നതോടെ ആശ്വാസ ഗോളും വിട്ടകന്നു. ഞായറാഴ്ച സണ്ടര്‍ലാന്‍ഡുമായാണ് ആഴ്‌സണലിന്റെ അടുത്ത കളി.
















