ഈ വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കാന്‍ വരുന്ന എല്ലാ പാര്‍ട്ടിക്കാരെയും സ്ഥാനാര്‍ഥികളെയും പിടിച്ചു നിര്‍ത്തി നിങ്ങള്‍ ഇസ്രത് ജഹാന്‍ കേസില്‍ അവരുടെ നിലപാട് എന്തെന്ന് ചോദിക്കുക. അവരുടെ ഉത്തരങ്ങള്‍ (അങ്ങനെ എന്തെങ്കിലും ഒന്നുണ്ടെങ്കില്‍) അനുമതിയോടെറെക്കോഡ് ചെയ്ത് സോഷ്യല്‍ മീഡിയ കളില്‍ പോസ്റ്റ് ചെയ്യുക. കാരണം, നമ്മുടെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ നിശ്ശബ്ദരാണ്. ഒരു കാലത്ത് അവര്‍ ഏറെ വായിട്ടടിച്ചതാണ് ഈ വിഷയം എന്നിട്ടുകൂടി….
ഇപ്പോള്‍ ടൈംസ് നൗ ചാനല്‍ പുറത്തു കൊണ്ടുവന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്രത് ജഹാന്‍ ‘വ്യാജ ഏറ്റുമുട്ടല്‍’ എന്ന് കുപ്രസിദ്ധമായ കേസിന്റെ പുനര്‍ വായന നടത്തുകയാണിവിടെ.
2004 ജൂണ്‍ 15 ന് അഹമ്മദാബാദില്‍ വച്ച് ഇസ്രത് ജഹാന്‍ റാസ എന്ന പത്തൊന്‍പത് വയസ്സുള്ള മുംബൈക്കാരി പെണ്‍കുട്ടി, ജാവേദ് ഗുലാം ഷെയ്ഖ് എന്ന മതം മാറിയ മലയാളിയായ പ്രാണേഷ് കുമാര്‍ പിള്ള, പാക്കിസ്ഥാനികളായ അംജത് അലി റാണ, സീഷന്‍ ജോഹര്‍ എന്നീ നാലുപേര് അഹമ്മദാബാദ് പോലീസിന്റെ വെടിയേറ്റ് മരിച്ചു. അതാണ് ഇസ്രത് ജഹാന്‍ ‘വ്യാജ ഏറ്റുമുട്ടല്‍’ കേസ് എന്ന് കുപ്രസിദ്ധമായത്.
അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനായി എത്തിയ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബ ഏര്‍പ്പെടുത്തിയ ചാവേറുകളായിരുന്നു ഇവര്‍ എന്നാണ് ഇന്റലിജന്‍സിനും ദേശീയ സുരക്ഷാ എജന്‍സിയ്‌ക്കും ലഭിച്ച വിവരങ്ങള്‍. അതുപ്രകാരം ഗുജറാത്ത് പോലീസിന്റെ ഒരു കൃത്യമായ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് ഈ നാലുപേരും കൊല്ലപ്പെടുന്നത്.
എന്നാല്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയായ സിബിഐ ഈ സംഭവത്തില്‍ ഗുജറാത്ത് പൊലീസിനെതിരെ കേസ് ഫയല്‍ ചെയ്തു. ഈ നാലുപേരെയും വധിച്ചത് വളരെ കൃത്യമായി പ്ലാന്‍ ചെയ്ത ഒരു ‘വ്യാജ ഏറ്റുമുട്ടലില്‍’ ആയിരുന്നു എന്നും ഇവര്‍ക്ക് ഒരു ഭീകര സംഘടനയുമായും ബന്ധമില്ലായിരുന്നു എന്നുമാണ് സിബിഐ കോടതിയില്‍ വാദിച്ചത്.
അന്ന് കേന്ദ്രഭരണത്തില്‍ ഇരുന്ന യുപിഎ സര്‍ക്കാര്‍ അവരുടെ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ഈ കേസില്‍ പല ഇടപെടലുകള്‍ നടത്തി എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.
ഇതില്‍ പങ്കെടുത്ത നിരവധി പോലീസ് ഉദ്യോഗസ്ഥരെ കേസില്‍ കുടുക്കുകയും നിരന്തരമായി പീഡിപ്പിക്കുകയും ചെയ്തു എന്ന് വാര്‍ത്തകള്‍ വരികയും, അന്നത്തെ സര്‍ക്കാര്‍ അതെല്ലാം നിഷേധിക്കുകയും ചെയ്തു. അതിനിടെ 2016 ഫെബ്രുവരി പത്താം തീയതി കേസിന്റെ അടിയിളക്കുന്ന ചില വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. വെളിപ്പെടുത്തലുകള്‍ നടത്തിയത് അമേരിക്കന്‍ ഭീകരാക്രമണ കേസിന്റെ സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ആയിരുന്നു.
2004 ലെ വേനല്‍ക്കാലത്ത് ലഷ്‌കര്‍ കമാണ്ടര്‍ സകിയുര്‍ റഹ്മാന്‍ ലഖ്വി, ഹെഡ്‌ലിയോടു പറഞ്ഞ കാര്യങ്ങളാണ് അയാള്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണങ്ങളുടെ വിചാരണ വേളയില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനോട് തുറന്നു പറഞ്ഞത്. 1992 ല്‍ അദ്ധ്യേയിലെ തര്‍ക്കമന്ദിരം തകര്‍ത്തത്തിന് പകരം ചോദിക്കാനുള്ള ഒരു ബൃഹത് പരിപാടിയായിരുന്നു ലഷ്‌കറിന്റെത്. കശ്മീരില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി കുപ്രസിദ്ധനായ മുസമ്മില്‍ ഭട്ട്‌നോടൊപ്പം ചേര്‍ന്ന്, ഭാരതത്തില്‍ വലതുപക്ഷ രാഷ്‌ട്രീയ നേതാക്കന്മാര്‍ ഉള്‍പ്പടെയുള്ളവരെ വകവരുത്താനും, ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രം, സോമനാഥ് ക്ഷേത്രം, സിദ്ധി ക്ഷേത്രം എന്നിവ തകര്‍ക്കാനും ലഖ്വി വ്യക്തമായ പദ്ധതികള്‍ രൂപീകരിച്ചു. ഇതിനായി ഭട്ട് തിരഞ്ഞെടുത്ത സ്ത്രീ ചാവേറുകളില്‍ ഒരാളുടെ പേര് ഇസ്രത് ജഹാന്‍ എന്നായിരുന്നു. ഇത്രയുമാണ് ഹെഡ്‌ലി പറഞ്ഞത്. ഇതോടെ ഇസ്രത് ജഹാന്‍ കേസിന് പുതിയ മാനങ്ങള്‍ കൈവന്നു.
ഈ വെളിപ്പെടുത്തല്‍ ഭാരതീയ സമൂഹത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്. രാജ്യസുരക്ഷയെ ഗൗരവതരമായി നോക്കിക്കാണുന്നവര്‍ക്ക് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍ ഇസ്രത് ജഹാന്‍ കേസിലുള്ള തങ്ങളുടെ സംശയങ്ങള്‍ ശരിയെന്നു സ്ഥാപിക്കാന്‍ ഉതകിയെങ്കില്‍, വെറും രാഷ്‌ട്രീയ വിജയത്തിന് വേണ്ടി വോട്ടു ബാങ്കുകളെ സൃഷ്ടിച്ചെടുക്കുന്ന മറ്റൊരു വിഭാഗത്തിന് തങ്ങളുടെ വയറ്റത്തടിച്ച മാതിരിയായി ഹെഡ്‌ലിയുടെ വിശദീകരണങ്ങള്‍. ഒരു കുറ്റവാളിയുടെ മൊഴികള്‍ എങ്ങനെ വിശ്വസിക്കും എന്ന ചോദ്യങ്ങളുമായി അവര്‍ രാജ്യസ്‌നേഹികളെ എതിരിട്ടു.
ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കേസാണ് ഇസ്രത് ജഹാന്‍ കേസ്. ഒരു സാധു പെണ്‍കുട്ടിയെ തീവ്രവാദിയാക്കി മുദ്രകുത്തി ‘വ്യാജ ഏറ്റുമുട്ടലില്‍’ കൊന്നു എന്ന ആരോപണം ഒരുപാടുപേര്‍ ഏറ്റു പിടിച്ചു. നിഷ്പക്ഷമായി ഈ കേസിനെ കണ്ടവര്‍ക്ക് ഒരുതരത്തിലും മനസ്സിലാകാത്ത വിധത്തിലുള്ള വാദങ്ങള്‍. ഇസ്രത് മഹാരാഷ്‌ട്രയിലെ മുംബ്രെ സ്വദേശിനി. പഠിക്കാന്‍ ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന ഈ പത്തൊന്‍പതുകാരി എങ്ങനെ മൂന്ന് അന്യ പുരുഷന്മാരോടൊപ്പം അഹമദാബാദില്‍ കൊല്ലപ്പെട്ടു എന്നതായിരുന്നു ഇതില്‍ ഉയര്‍ന്ന ഏറ്റവും പ്രധാന ചോദ്യം. ഈ ചോദ്യത്തിന് നാളിതുവരെ ഉത്തരം ലഭിച്ചിട്ടില്ല.
വിവാഹിതനും പിതാവുമായ ജാവേദ് ഷെയ്‌ക്ക്‌നു ഇസ്രത് ജഹാനുമായി എന്താണ് ബന്ധം. അവരുടെ കൂടെ കൊല്ലപ്പെട്ടവര്‍ പാക് പൗരന്മാര്‍. അവരെങ്ങനെ ഭാരതത്തില്‍ എത്തി ഇസ്രത്തും ജാവേദുമായി ബന്ധപ്പെട്ടു? നരേന്ദ്ര മോദിയുടെ സഞ്ചാര പാത മനസ്സിലാക്കി അഹമദാബാദിലെ ഏഴു ഹോട്ടലുകളില്‍ മാറി മാറി താമസിച്ചു? ഇത്തരം ഒരു ചോദ്യത്തിനും ഉത്തരം ലഭിച്ചില്ല. പകരം ന്യൂനപക്ഷങ്ങളെ അന്നത്തെ ഗുജറാത്ത് സര്‍ക്കാര്‍ ‘വ്യാജ ഏറ്റുമുട്ടലുകളി’ലൂടെ നിഷ്‌കാസനം ചെയ്യുന്നു എന്ന പ്രചാരണം രാജ്യമെങ്ങും കൊണ്ടുപിടിച്ചു. തന്റെ സംസ്ഥാനത്ത് വേരുകളുള്ള ഇസ്രത്തിനെ ബീഹാറിന്റെ ബേട്ടിയായി രാഷ്‌ട്രീയക്കാര്‍ ദത്തെടുത്തു.
ദീനി വിശ്വാസമുള്ള പത്തൊന്‍പതു വയസ്സുകാരി അന്യ പുരുഷന്മാരോട് കൂടി എങ്ങനെ അന്യദേശത്തെത്തി, അവളുടെ മതവിശ്വാസത്തിനു കടക വിരുദ്ധമായ കാര്യങ്ങള്‍ ചെയ്തു എന്ന വളരെ ഗൗരവതരമായ ഒരു ചോദ്യം ഇതുവരെ ഒരു മത പുരോഹിതനോ, സദാചാര സംരക്ഷകാരോ ചോദിച്ചിട്ടില്ല. താമസിച്ച ഹോസ്റ്റലില്‍ നിന്നും അപ്രത്യക്ഷയായിട്ട് അവളുടെ കുടുംബത്തിന് വിവരം ലഭിച്ചില്ല? ആര്‍ക്കും പരാതിയില്ല.
പകരം ഇസ്രത് ജഹാന്‍ ഒരു ‘ഷഹീദ്’ ആയി വാഴ്‌ത്തപ്പെട്ടു. രാഷ്‌ട്രീയ പാര്‍ട്ടികള്‍ അവളുടെ പേരുപയോഗിച്ച് ഭാരതത്തിലെ ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ അസ്വസ്ഥതയുടെയും, ഭീതിയുടെയും വിത്തുകള്‍ വിതച്ചു. ഇടതുപക്ഷം ഷഹീദ് ഇസ്രത്തിനു വേണ്ടി ആംബുലന്‍സുകള്‍ ഇറക്കി, പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് എന്‍ ജി ഓ കള്‍ വഴി ഈ കേസിന്റെ വികാരപരമായ തലം എന്നും ലൈവായി നിര്‍ത്തുവാന്‍ കരുക്കള്‍ നിരത്തി. ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ ലോകമെമ്പാടും ഈ കേസ് പ്രചരിപ്പിച്ച് ഭാരതത്തില്‍ ന്യൂനപക്ഷങ്ങളുടെ ഭീകരാവസ്ഥ എന്ന പേരില്‍ സ്വന്തം രാജ്യത്തെ താറടിച്ചു കാണിച്ചു.
ഹെഡ്‌ലിയുടെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ ഏറ്റു പിടിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലായി. കാര്യകാരണ സഹിതമായ ഉത്തരങ്ങള്‍ നല്‍കുന്നതിന് പകരം ഈ വിഷയത്തോട് വികാരപരമായി മാത്രം പ്രതികരിച്ച കോണ്‍ഗ്രസ് ന്യൂനപക്ഷ കാര്‍ഡുപയോഗിച്ച് കളിക്കാന്‍ ശ്രമിച്ച തികച്ചും അപഹാസ്യമായ കളിയുടെ അവസാന മണിക്കൂറുകളാണ് ഇപ്പോള്‍ രാജ്യം കാണുന്നത്.
ഹെഡ്‌ലിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ഇസ്രത് ജഹാന്‍ കേസിലെ ഫയലുകള്‍ വീണ്ടും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയപ്പോഴാണ് വിലപ്പെട്ട പല രേഖകളും നഷ്ടമായി എന്ന് കണ്ടത്. ഈ വര്‍ഷം മാര്‍ച് പതിനാലാം തീയതി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് നഷ്ടപ്പെട്ട രേഖകളെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു.
2009 ല്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി അറ്റോര്‍ണി ജനറലിന് അയച്ച രണ്ടു കത്തുകള്‍ കാണാതായിരിക്കുന്നു. അന്ന് അറ്റോര്‍ണി ജനറലിന്റെ സൂക്ഷ്മ പരിശോധനയ്‌ക്ക് അയച്ച കത്തുകളാണ് കാണാതായിരിക്കുന്നത്, രാജ് നാഥ് സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞു.
‘അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ആദ്യം ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇസ്രത് ജഹാന്‍ എന്ന പെണ്‍കുട്ടി ഒരു ലഷ്‌കര്‍ പ്രവര്‍ത്തക ആണെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ‘തിരുത്തിയ’ ഒരു സത്യവാങ്ങ്മൂലം കൂടി സമര്‍പ്പിക്കപ്പെട്ടു. അതില്‍ നേരത്തെ പറഞ്ഞത്തിനു കടക വിരുദ്ധമായിയുള്ള കാര്യങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്.’ അന്നത്തെ ആഭ്യന്തര മന്ത്രി ചിദംബരമാണ് ഈ തിരുത്തലുകള്‍ തന്റെ ഒപ്പോടെ ചെയ്തിരിക്കുന്നത്.
ഇസ്രത് ജഹാന്‍ കേസ് ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാരിന്റെ മനഃപൂര്‍വമുള്ള ഇടപെടലായാണ് ഇത് ഇപ്പോള്‍ നിയമ വിദഗ്ധര്‍ കാണുന്നത്.
ഒരു സ്വതന്ത്ര കേസെന്ന നിലയിലാണ് സിബിഐ ഇസ്രത് ജഹാന്‍ കേസ് അന്വേഷിച്ചത് എന്ന് നമുക്ക് സമ്മതിച്ചു കൊടുക്കാം എന്ന് വയ്‌ക്കുക. പക്ഷെ, ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകള്‍ മുഴുവനും, അന്നത്തെ യു പി എ സര്‍ക്കാര്‍ ഈ കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വിടാതെ കോടതിയെയും ജനങ്ങളെയും കബളിപ്പിക്കുവാന്‍ ബദ്ധശ്രദ്ധരായിരുന്നു എന്നതിലേക്കാണ് വഴിതെളിക്കുന്നത്. കേട്ടുകേള്‍വി മാത്രമേ ഇസ്രത് ജഹാന്‍ കേസില്‍ ഉള്ളൂ എന്നാണ് ദേശീയ സുരക്ഷ ഏജന്‍സി ഗുജറാത്ത് ഹൈക്കോടതിയില്‍ പറഞ്ഞത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് ഈ കാര്യത്തില്‍ എല്ലാ കാര്യങ്ങളിലും വളരെ വ്യക്തമായ അറിവുണ്ടായിരുന്നു എന്നാണു താഴെ പറയുന്ന കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. കുറച്ചു പഴയ വിവരങ്ങള്‍ നോക്കുക:
2004 ഏപ്രില്‍ 22 ആം തീയതി ഐ ബിയുടെ ഒരു അടിയന്തിര സന്ദേശം ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും അയയ്‌ക്കപ്പെട്ടു. എല്‍. കെ. അദ്വാനി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കന്മാര്‍ക്കും, ഹിന്ദു നേതാക്കന്മാര്‍ക്കും നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്, കര്‍ശന സുരക്ഷ എല്ലായിടവും പാലിക്കണം എന്നായിരുന്നു ഈ സന്ദേശം.
പിന്നീട് ഗുജറാത്ത് സംസ്ഥാനത്തിന് പ്രത്യേകമായി ഒരു സന്ദേശം പോയി. അഹമ്മദാബാദില്‍ ഭീകരാക്രമണം നടത്താനായി പഞ്ചാബി സംസാരിക്കുന്ന രണ്ടു പാകിസ്ഥാനികള്‍ എത്തിയിട്ടുണ്ടെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നത് പൂനെയില്‍ താമസമാക്കിയിട്ടുള്ള ഒരു ഭാരതീയനാണ് എന്നുമുള്ള കൃത്യമായ വിവരങ്ങള്‍ അടങ്ങുന്നതായിരുന്നു ആ സന്ദേശം. ഇതിന്റെ ചുവടു പിടിച്ചു അന്വേഷണം ഊര്‍ജ്ജിതമാക്കിയ ഗുജറാത്ത് പോലീസിന് മഹാരാഷ്‌ട്ര രജിസ്‌ട്രേഷന്‍ ഉള്ള നീല ടാറ്റാ ഇന്‍ഡിക്ക കാര്‍ എംഎച്ച് 02 ജെഎ 4786 ആവും തീവ്രവാദികള്‍ ഉപയോഗിക്കുക എന്ന നിര്‍ണ്ണായക വിവരവും ഒരു ഇന്‍ഫോര്‍മര്‍ വഴി ലഭിച്ചു.
ഇത്രയും കാര്യങ്ങള്‍ നടന്നതിനു ശേഷം 2004 ജൂണ്‍ പതിനഞ്ചിന് അതിരാവിലെയാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ കോട്ടാര്‍പൂര്‍ മേഖലയില്‍ ഇസ്രത് ജഹാനും മറ്റു മൂന്നു പേരും വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ഒരു നീല ഇന്‍ഡിക്ക കാറിലാണ് ഈ നാലുപേരും യാത്ര ചെയ്തിരുന്നത്. ഇനി എവിടുന്നാണ് ഈ കൃത്യമായ വിവരങ്ങള്‍ ലഭിച്ചത് എന്നൊന്ന് നോക്കാം.
(തുടരും)
















