ഇടുക്കി: കര്‍ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ കുത്തഴിഞ്ഞ പോക്കില്‍ മദ്രാസ് ഹൈക്കോടതി ഇടപെട്ടു. മുടങ്ങിക്കിടന്ന പരീക്ഷകള്‍ നടത്താന്‍ ചെന്നൈയിലെ അക്കാദമിക് കൊളാബ്രേറ്ററായ ഭാരത് പിജി കോളേജിനോട് നിര്‍ദ്ദേശിച്ചു. ഈ കോളേജിന്റെ കീഴില്‍ വരുന്ന കേരളത്തിലെ ഒമ്പതോളം സെന്ററുകളില്‍ പരീക്ഷ നടത്താനാണ് കോടതി ഉത്തരവ്. കര്‍ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ കേരളത്തില്‍ എണ്‍പതോളം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതില്‍ ഭാരത് പിജിയുടെ കീഴിലുള്ള ഒമ്പത് സെന്ററുകള്‍ മാത്രമാണ് ഉള്ളത്. ഈ ഒമ്പത് കേന്ദ്രങ്ങളില്‍ മാത്രമാണ് പരീക്ഷ നടത്താന്‍ കോടതി ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ ഈ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന മറ്റ് കോളേജുകളില്‍ പഠിക്കുന്ന കാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് എന്ന് പരീക്ഷ നടക്കുമെന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. 2013, 2014 ബാച്ചുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് യാഥാക്രമം മൂന്ന്, അഞ്ച് എന്നീ ബാച്ചുകളിലെ പരീക്ഷ കഴിഞ്ഞ ജനുവരിയിലാണ് നടത്തേണ്ടിയിരുന്നത്.
യൂണിവേഴ്സിറ്റിയുടെ യുജിസി അംഗീകാരം നഷ്ടമായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. 2012ലാണ് യുജിസിയുടെ നിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായി അവഗണിച്ചത് മൂലം യൂണിവേഴ്സിറ്റിക്ക് അംഗീകാരം നഷ്ടപ്പെട്ടത്. ഇപ്പോള്‍ കേരളത്തിലെ 30000 വിദ്യാര്‍ത്ഥികള്‍ യുജിസി അംഗീകാരമില്ലാത്ത കോഴ്സില്‍ പഠിക്കുകയാണ്. പ്രാദേശിക സെന്ററുകള്‍ അംഗീകാരമില്ലാത്ത കോഴ്സുകള്‍ നടത്തുമ്പോള്‍ പോലീസും വിദ്യാഭ്യാസ വകുപ്പും ഒരു നടപടിയും കൈക്കൊള്ളുന്നില്ല എന്നതാണ് ഗൗരവതരമായ പ്രശ്നം. അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിക്കുന്നതിനെതിരെ രക്ഷിതാക്കള്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: