ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം. ലിവര്‍പൂള്‍ 4-0ന് എവര്‍ട്ടണിനെ തുരത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-0ന് ക്രിസ്റ്റല്‍ പാലസിനെ വീഴ്‌ത്തി. മറ്റൊരു കളിയില്‍ വെസ്റ്റ്ഹാം യുണൈറ്റഡ് 3-1ന് വാറ്റ്‌ഫോഡിനെ മറികടന്നു.
ആന്‍ഫീല്‍ഡില്‍ എവര്‍ട്ടണിനെതിരെ ലിവര്‍പൂളിന്റെ തേരോട്ടം. 43ാം മിനിറ്റില്‍ ദിവൊക്ക് ഒറിജിയിലൂടെ ലീഡെടുത്തു ലിവര്‍പൂള്‍.
ഇടവേളയ്‌ക്കു പിരിയാന്‍ മിനിറ്റുകള്‍ ശേഷിക്കെ മമദൗ സാഖൊ രണ്ടാം ഗോള്‍ നേടി. 61ാം മിനിറ്റില്‍ ഡാനിയല്‍ സ്റ്ററിഡ്ജും 76ാം മിനിറ്റില്‍ ഫിലിപ്പ് കൗട്ടീഞ്ഞൊയും ചേര്‍ന്ന് പട്ടിക പൂര്‍ത്തിയാക്കി. 33 കളികളില്‍ 54 പോയിന്റുമായി ഏഴാം സ്ഥാനത്ത് ലിവര്‍പൂള്‍.
ക്രിസ്റ്റല്‍ പാലസിനെതിരായ ജയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ സജീവമാക്കി. നാലാം മിനിറ്റില്‍ ഡാമിയന്‍ ഡിലനേയിയുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ യുണൈറ്റഡിനായി 55ാം മിനിറ്റില്‍ മാറ്റിയോ ഡാര്‍മിയന്‍ പട്ടിക തികച്ചു. 34 കളികളില്‍ 59 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് യുണൈറ്റഡ്. ഒരു മത്സരം കുറച്ചു കളിച്ച ആഴ്‌സണല്‍ 60 പോയിന്റുമായി നാലാമതുണ്ട്.
















