കൊച്ചി: മുടിക്കല്‍ സ്വദേശി സജാദ് ബിജുവിനും സരിതയ്ക്കുമെതിരെ നല്കിയ പരാതി അന്വേഷിക്കുന്നതില്‍ പെരുമ്പാവൂര്‍ സിഐ പി. റോയ് വീഴ്ചവരുത്തിയതിനാലാണ് താന്‍ നേരിട്ട് അറസ്റ്റിനുള്ള നീക്കങ്ങള്‍ നടത്തിയതെന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്പിയായിരുന്ന കെ. ഹരികൃഷ്ണന്. എറണാകുളം റേഞ്ച് ഐജിയായിരുന്ന കെ. പത്മകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്രകാരം ചെയ്തതെന്നും ഹരികൃഷ്ണന് പറഞ്ഞു. സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന് കമ്മീഷനില്‍ മൊഴി നല്‍കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപരത്ത് ഇടപ്പഴഞ്ഞിയിലെ വാടകവീടിനു സമീപത്തുനിന്ന് സരിതയെ ആദ്യം അറസ്റ്റ് ചെയ്തത് ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്. സജാദിന്റെ പരാതിയില്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ ടീം സോളാര്‍ കമ്പനി ഉടമകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് 2013 മാര്‍ച്ച് 20നാണ്. ഈ കേസിന്റെ അന്വേഷണച്ചുമതല സിഐ പി.റോയിക്കായിരുന്നു. പെരുമ്പാവൂര്‍ ഡിവൈഎസ്പി എന്ന നിലയില്‍ തനിക്ക് കേസിന്റെ മേല്നോട്ടച്ചുമതലയുണ്ടായിരുന്നു. സജാദ് ഐജി പത്മകമാറിനും പരാതി നല്‍കിയിരുന്നു. അന്വേഷണം കാര്യമായി നടക്കുന്നില്ലെന്നും ഊര്‍ജ്ജിതമായ അന്വേഷണം നടത്തണമെന്നും ഐജി തനിക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്കിയപ്പോള് വീണ്ടും അന്വേഷണ ചുമതല പി.റോയിക്കു തന്നെ നല്കി.
അന്വേഷണം ഊര്‍ജ്ജിതമാക്കാനാവശ്യമായ നിര്‍ദ്ദേശങ്ങളും നല്കി. എന്നിട്ടും അന്വേഷണത്തില്‍ പുരോഗതി കാണാത്തതിനാല്‍ താന്‍ നേരിട്ട് സരിതയുടെ വാസസ്ഥലം അന്വേഷിച്ച് കണ്ടെത്താന്‍ പോലീസിനെ നിയോഗിച്ചു. അത് കണ്ടെത്തിയതോടെ പെരുമ്പാവൂര്‍ എസ്ഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തില്‍ വനിതാ പോലീസുകാര്‍കൂടി ഉള്‍പ്പെടുന്ന സംഘത്തെ സരിതയെ അറസ്റ്റ് ചെയ്യുന്നതിനായി 2013 ജൂലൈ രണ്ടിന് രാത്രി ഒമ്പതോടെ തിരുവനന്തപുരത്തേയ്ക്കയച്ചു. പുലര്‍ച്ചെ മൂന്നിനും നാലിനുമിടയിലായി സരിതയെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്ത വിവരമറിഞ്ഞാണ് താനും അവിടെയെത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റോയിക്ക് പെരുമ്പാവൂരില്‍ സബ്ഡിവിഷണല്‍ നൈറ്റ് ചെക്കിങ് ഡ്യൂട്ടി ഇട്ടിരുന്നതിനാലാണ് അദ്ദേഹം സരിതയെ അറസ്റ്റ് ചെയ്യാനായി തിരുവനന്തപുരത്തേക്ക് പോകാതിരുന്നത്. സരിതയെ അറസ്റ്റ് ചെയ്തിട്ടും അവരുടെ വീട് പരിശോധിക്കാതിരുന്നതെന്തുകൊണ്ടെന്ന കമ്മീഷന്റെ ചോദ്യത്തിന് ഹരികൃഷ്ണന്റെ മറുപടി ആ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് താനല്ലാത്തതിനാലാണെന്നായിരുന്നു. മാത്രമല്ല, സുധീര്‍ മനോഹറിനെയും സംഘത്തെയും അയച്ചത് അറസ്റ്റിനുവേണ്ടി മാത്രമാണ്, പരിശോധനയ്ക്കല്ല. പിടിച്ചെടുത്ത മുതലുകള്‍ സരിതയെ അറസ്റ്റിന്റെ ഭാഗമായി ദേഹപരിശോധന നടത്തിയപ്പോള്‍ കിട്ടിയതാണ്. സാധാരണ വഞ്ചനാക്കേസ് എന്നതിനപ്പുറമുള്ള മാനങ്ങളൊന്നും അന്ന് ഈ കേസിനുണ്ടായിരുന്നില്ല. സാധാരണ വഞ്ചനാക്കേസില്‍ ഉടന്‍ ഒരു പരിശോധന നടത്താറുമില്ല. അറസ്റ്റ് രാത്രിയിലായിരുന്നു എന്നതിനാല്‍ ആ സമയത്ത്വീട് പരിശോധിക്കുന്നത് അഭികാമ്യമായി തോന്നിയില്ലെന്നും ഹരികൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: