ഇതി പ്രുഷ്ടാ മായാ ദേവീ വിനയാവനതേന ച
ഉവാച വചനം ശ്ലക്ഷ്ണമാദ്യാ ഭഗവതീ ഹി സാ
സദൈകത്വം ന ഭേദോളസ്തി സര്‍വ്വ ദൈവ
മമാസ്യ ച
യോളസൗ സാഹമകം യോളസൗ ഭേദോളസ്തി
മതി വിഭ്രമാത്
ബ്രഹ്മാവ് തുടര്‍ന്നു: ഞാനിങ്ങനെ വിനയപുരസ്സരം ചോദിച്ചതിനുത്തരമായി ദേവി അതിമൃദുലവാണിയില്‍ ഇങ്ങനെ അരുളിച്ചെയ്തു.
ദേവി പറഞ്ഞു: വാസ്തവത്തില്‍ എല്ലാം ഒന്നേയുള്ളൂ. ഞാനും പുരുഷനും ഭേദമില്ല. ഞാന്‍ അവനും അവന്‍ ഞാനുമാകുന്നു. ഞങ്ങള്‍ തമ്മിലുണ്ടെന്നു കരുതപ്പെടുന്ന അന്തരത്തിന്റെ മൂലം കണ്ടെത്തിയവന്‍ ബുദ്ധിമാനും മുക്തനുമാകുന്നു. നിത്യവും സനാതനവുമായത് ബ്രഹ്മം മാത്രമാണ്.
എന്നാല്‍ സൃഷ്ടിയുടെ ആരംഭത്തില്‍ ‘രണ്ടു’ണ്ടാവുന്നു. കണ്ണാടിയില്‍ ദീപത്തിന്റെ പ്രതിഫലനം ഉണ്ടാവുന്നതുപോലെ ദൈ്വതം സൃഷ്ടിയില്‍ കാണാകുന്നു. അതായത് ഭേദഭാവം സര്‍ഗ്ഗകാലത്ത് മാത്രമുള്ളതാണ്. ദൃശ്യാദൃശ്യഭേദങ്ങള്‍ അപ്പോള്‍ ഉണ്ടാവുന്നതായി അനുഭവപ്പെടുന്നു. സൃഷ്ടിയുടെ തലത്തിലല്ലെങ്കില്‍ ഞാന്‍ ആണോ പെണ്ണോ നപുംസകമോ ഒന്നുമല്ല. സൃഷ്ട്യാരംഭത്തിലെ ഈ ഭേദം കേവലം ഭാവന മാത്രമാണ്.
ഞാന്‍ തന്നെയാണ് ബുദ്ധി. ശ്രീ, കാന്തി, ധൃതി, കീര്‍ത്തി, മേധ, ദയ, ലജ്ജ, തൃഷ്ണ, ക്ഷമ, ജര, യൗവനം, ശക്തി, അശക്തി, നിദ്ര, ആലസ്യം എന്നുവേണ്ട എല്ലാ വിശേഷണങ്ങളും ഞാനാണ്. മാംസം, മജ്ജ, ത്വക്, സത്യാസത്യങ്ങള്‍, പരാ, പശ്യന്തി, മധ്യമാ തുടങ്ങിയ വാക്‌ഭേദങ്ങള്‍, നാഡീസമൂഹങ്ങള്‍ എല്ലാം ഞാനാകുന്നു, അല്ലെങ്കില്‍ എന്റെ ഭാവരൂപങ്ങളാകുന്നു.
ഞാനല്ലാതെ ഈ സംസാരത്തില്‍ യാതൊന്നുമില്ല. ഈ സൃഷ്ടിയില്‍ സര്‍വ്വവ്യാപിനിയായത് ഞാന്‍ മാത്രമാണ്. എല്ലാ ദേവന്മാരിലും നാമരൂപങ്ങള്‍ കൈക്കൊണ്ട് അവര്‍ക്ക് ശക്തിയായി വിളങ്ങുന്നത് ഞാനാണ്. ഗൗരി, ബ്രാഹ്മി, രൗദ്രി, വാരാഹി, ശിവം വൈഷ്ണവി, കൗബരി, വാരുണി, ഐന്ദ്രി, നാരസിംഹി എന്നെല്ലാം ഞാന്‍ അറിയപ്പെടുന്നു.
തുടരും
















