കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പിനിടെ പരക്കെ ആക്രമണം. മുര്‍ഷിദാബാദില്‍ ഒരു സിപിഎമ്മുകാരന്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.
രാവിലെ ഏഴുമണിയ്‌ക്ക് വോട്ടെടുപ്പ് ആരംഭിച്ചതുമുതല്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നതായാണ് വിവരം. നാദിയ ജില്ലയിലെ ഗായേസോര്‍ മണ്ഡലത്തില്‍ സി.പി.എം.തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. രണ്ടുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസിന്റെ ബൂത്ത് പ്രവര്‍ത്തകനായ ബസു മല്‍പഹരിയ എന്ന ആളെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എസ്.കെ. നിയമത് അലിയുടെ ഭാക്ടറിയില്‍ തടവില്‍വച്ചിരുന്ന ഇയാളെ പിന്നീട് രക്ഷപ്പെടുത്തി. ഹരിഹര്‍പര പോലീസ് സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് പരാതി നല്കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മല്‍പഹരിയെ മോചിപ്പിച്ചത്.
കൊല്‍ക്കത്ത നഗരത്തിന്റെ വടക്കുഭാഗം ഉള്‍പ്പെടെ മുര്‍ഷിദാബാദ്, നാദിയ, ബര്‍ദ്വാന്‍ ജില്ലകളിലെ 62 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 34 സ്ത്രീകളുള്‍പ്പടെ 418 പേരാണ് ജനവിധി തേടുന്നത്. 1.37 കോടി വോട്ടര്‍മാര്‍ 16,461 പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടിനെത്തും.
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വ്യാപകമായ പരാതിയുടെ പശ്ചാത്തലത്തില്‍ വന്‍സുരക്ഷയിലാണ് വോട്ടെടുപ്പ്. കേന്ദ്രസേനയിലെ 75,000 പേരുള്‍പ്പെടെ ഒരു ലക്ഷത്തോളം സുരക്ഷാ സേനാംഗങ്ങളെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
















