ന്യൂദല്‍ഹി: ബ്രിട്ടീഷ് സര്‍ക്കാരിന്റെ പക്കലുള്ള ഭാരതത്തിന്റെ അമൂല്യ രത്‌നമായ കോഹിനൂര്‍ തിരികെ എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. കോഹിനൂര്‍ തിരികെ വേണമെന്ന് ആവശ്യപ്പെടാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സുപ്രീംകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രസ്താവിച്ചു.
കോഹിനൂറുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വസ്തുതകള്‍ക്ക് വിരുദ്ധമായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിലപാട് ഉടന്‍ നല്‍കുമെന്ന് അറിയിക്കുക മാത്രമാണ് സോളിസിറ്റര്‍ ജനറല്‍ ചെയ്തത്. ഭാരതത്തിന്റെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ നിലപാട് ആവര്‍ത്തിക്കുകയാണ് സോളിസിറ്റര്‍ ജനറല്‍ ചെയ്തത്.
കോഹിനൂര്‍ മടക്കിക്കൊണ്ടുവരാനുള്ള ശ്രമം പ്രശ്‌നമുണ്ടാക്കുമെന്ന് നെഹ്രു പറഞ്ഞിരുന്നു. പ്രധാനമന്ത്രി മോദി നടത്തിയ വിദേശ സന്ദര്‍ശനങ്ങളില്‍ ജര്‍മ്മനി, ആസ്‌ത്രേലിയ, കാനഡ എന്നിവിടങ്ങളില്‍ നിന്നും ഭാരതത്തിന്റെ പൗരാണികത വിളിച്ചറിയിക്കുന്ന വസ്തുകള്‍ തിരികെ എത്തിച്ചിട്ടുണ്ട്. കോഹിനൂരിന്റെ കാര്യത്തിലും സൗഹാര്‍ദ്ദപരമായ ഒരു പരിഹാരം ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
















