ചെന്നൈ: ഹൃദയമിടിപ്പ് 45 മിനിറ്റോളം നിലച്ചയാള്‍ക്ക് ചെന്നൈയില്‍ വിദഗ്ധ ചികിത്സയിലൂടെ ലഭിച്ചത് പുതുജീവന്‍. ഹൃദ്രോഗം മൂര്‍ച്ഛിച്ചതുമൂലം ഹൃദയം മാറ്റിവെയ്‌ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് പോര്‍ബന്തറില്‍ നിന്നും ചെന്നൈയിലെത്തിയ ജയ്‌സുഖ്ഭായ് എന്നയാള്‍ക്കാണ് മരണ മുഖത്തു നിന്നും പുതുജീവന്‍ ലഭിച്ചത്. ഹൃദയം മാറ്റിവെയ്‌ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ പെട്ടന്ന് ഹൃദയ സ്തംഭനമുണ്ടായി ജയ്‌സുഖ്ഭായിയുടെ ഹൃദയമിടിപ്പ് നിലയ്‌ക്കുകയായിരുന്നു. 45 മിനിറ്റോളം നിലച്ച ഹൃദയം ചെന്നൈ മലര്‍ ആസ്പത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ ഭഗീരഥ പ്രയത്‌നത്തെ തുടര്‍ന്ന് മിടിപ്പ് വീണ്ടെടുക്കുകയായിരുന്നു.
ഹൃദയം നിലച്ച ജയ്‌സുഖ്ഭായിയെ പോര്‍ട്ടബിള്‍ കാര്‍ഡിയോ പള്‍മണറി ബൈപാസ് മെഷീനിലേക്കു മാറ്റി പ്രത്യേക സജ്ജീകരണങ്ങളുപയോഗിച്ചാണ് ഹൃദയമിടിപ്പ് വീണ്ടെടുത്തത്. കാര്‍ഡിയോ സയന്‍സസ് ഡയറക്ടര്‍ ഡോ. കെ. ബാലകൃഷ്ണനാണ് വിദഗ്ധ ചികിത്സയ്‌ക്ക് നേതൃത്വം നല്‍കിയത്.
പത്തുദിവസം രോഗി അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഇയാളെ ഹൃദയമാറ്റ ശസ്ത്രക്രിയയ്‌ക്കു വിധേയനാക്കുകയായിരുന്നുവെന്നും ഇപ്പോള്‍ അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നും ഡോ. ബാലകൃഷ്ണന്‍ പറഞ്ഞു.
ജയ്‌സുഖ്ഭായ് പത്തുദിവസമായിട്ടും ഉണരാതിരുന്നതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടെന്ന് കരുതിയിരിക്കുകയായിരുന്നു.
അപ്പോഴാണ് അദ്ദേഹം ഉണര്‍ന്നതായി നേഴ്‌സ് അറിയിച്ചത്. ഇത് ശരിക്കും അദ്ദേഹത്തിന്റെ പുതിയ ജീവിതമാണെന്ന് ഭാര്യ മനിഷ അറിയിച്ചു. ഇപ്പോള്‍ താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും നാട്ടിലെത്തിയ ശേഷം മുമ്പത്തെ പോലെ ജോലിക്കുപോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ജയ്‌സുഖ്ഭായ് പറഞ്ഞു.
















