ന്യൂദല്‍ഹി: കശ്മീരിലെ ഹന്ദ്വാരയില്‍ പെണ്‍കുട്ടിയെ പൊതു ശൗചാലയത്തില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടു പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായി. തിങ്കളാഴ്ച രാത്രിയോടെയാണ് ഹിലാല്‍ അഹമ്മദ് ബണ്ടേയെന്ന പ്രതിയെ പോലീസ് പിടികൂടിയത്. കേസില്‍ ഒരു പ്രതികൂടി അറസ്റ്റിലാകാനുണ്ട്. സൈനികര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് വ്യാജപ്രചാരണം അഴിച്ചുവിട്ട കശ്മീരി വിഘടനവാദികള്‍ക്കും കപടമതേതര ബുദ്ധിജീവികള്‍ക്കും നാണക്കേടായി സംഭവം മാറിയിട്ടുണ്ട്.
കശ്മീരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സൈന്യത്തിനെതിരെ തിരിക്കാനുള്ള ഗൂഢശ്രമമാണ് ഇക്കൂട്ടര്‍ നടത്തുന്നതെന്ന് ഹന്ദ്വാര സംഭവത്തോടെ തുറന്നുകാട്ടപ്പെട്ടു.
ഹന്ദ്വാരയില്‍ നിന്നും പിടികൂടിയ ഹിലാല്‍ അഹമ്മദ് ബാണ്ടിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കേസിലെ രണ്ടാമത്തെ പ്രതിയെപ്പറ്റിയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെയും ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നാണ് പോലീസ് പ്രതീക്ഷ. ഏപ്രില്‍ 12ന് സ്‌കൂള്‍ വിട്ടു മടങ്ങുന്നതിനിടെ നഗരത്തിലെ പൊതു ശൗചാലയത്തില്‍ കയറിയ 16കാരിയായ പെണ്‍കുട്ടിയെ സൈനികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജനക്കൂട്ടം അക്രമാസക്തമാകുകയായിരുന്നു. ബാരിക്കേഡുകളും സൈനിക ക്യാമ്പും കശ്മീരി വിഘടനവാദി സംഘങ്ങള്‍ ആക്രമിച്ചു. രാജ്യമെമ്പാടും കപട മതേതര ബുദ്ധിജീവിക്കാര്‍ സൈന്യത്തിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിട്ടു.
വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന കാശ്മീരിലെ പോലീസ് നടപടിയുടെ ചിത്രങ്ങള്‍ ഹന്ദ്വാരയിലെ സംഭവമാണെന്ന് ചിത്രീകരിച്ച് രാജ്യമെങ്ങും പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ സൈന്യവും ജമ്മുകാശ്മീര്‍ പോലീസും വിഘടനവാദികളുടെ ശ്രമങ്ങളെ സംഘടിതമായി പരാജയപ്പെടുത്തുകയായിരുന്നു. തന്നെ അപമാനിക്കാന്‍ ശ്രമിച്ചത് സൈനികനല്ലെന്നും രണ്ട് ആണ്‍കുട്ടികളാണെന്നും പെണ്‍കുട്ടിയുടെ മൊഴി വാട്ട്‌സാപ്പിലും മറ്റും പോലീസ് തന്നെ പുറത്തുവിട്ടു.
ഇതോടെ വലിയൊരു വിഭാഗം അക്രമിസംഘങ്ങളെയും നിയന്ത്രിക്കാനായി. ഇതിനു പിന്നാലെ പെണ്‍കുട്ടിയെയും പിതാവിനെയും മറ്റു ബന്ധുക്കളെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി യഥാര്‍ത്ഥ വസ്തുതകള്‍ മൊഴിയായി രേഖപ്പെടുത്തുകയും ചെയ്തു. സൈനികര്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയതോടെ കശ്മീര്‍ താഴ്‌വരയെ സംഘര്‍ഷഭൂമിയാക്കാനുള്ള വിഘടനവാദികളുടെയും മറ്റു ശക്തികളുടേയും ശ്രമം പരാജയപ്പെട്ടു. അക്രമികളെ ശക്തമായ ഭാഷയില്‍ നേരിട്ടതോടെ വിവിധ സംഭവങ്ങളിലായി 5പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നൂറോളം സൈനികര്‍ക്ക് കല്ലേറിലും മറ്റ് അക്രമങ്ങളിലും പരിക്കേറ്റിട്ടുണ്ട്.
















