ന്യൂദല്‍ഹി: പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന തീരുമാനം ഉടന്‍ നടപ്പാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ജൂലൈ 31 വരെ തൊഴില്‍മന്ത്രാലയ തീരുമാനം നീട്ടിവെച്ചിട്ടുണ്ട്. ഇതിനകം പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കും.
തൊഴില്‍ നഷ്ടപ്പെട്ട് രണ്ടുമാസങ്ങള്‍ക്ക് ശേഷം പിഎഫ് തുക പൂര്‍ണ്ണമായും പിന്‍വലിക്കാമെന്ന വ്യവസ്ഥയിലാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. പിഎഫ് നിക്ഷേപത്തിന്റെ നൂറുശതമാനവും പിന്‍വലിക്കുന്നതിലാണ് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര തൊഴില്‍മന്ത്രാലയം തീരുമാനിച്ചത്. എന്നാല്‍ ഇതില്‍ തന്നെ ഭവന നിര്‍മ്മാണം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് തുക പിന്‍വലിക്കുന്നതിന് നിയന്ത്രണം ഉണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു. ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് ജൂലൈ അവസാനം വരെ നടപ്പാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്രതൊഴില്‍മന്ത്രാലയം തീരുമാനം നീട്ടിവെച്ചിരിക്കുകയാണെന്നും കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും കേന്ദ്രതൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 3.67 ശതമാനം തുകയാണ് കുറഞ്ഞ പിഎഫ് തുകയായി ഇതിനു പുറമേ 60 ശതമാനം പിഎഫ് നിക്ഷേപ തുക പിന്‍വലിച്ചാല്‍ നികുതി നല്‍കണമെന്ന നിര്‍ദ്ദേശം ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും അതു പിന്നീട് പിന്‍വലിച്ചിരുന്നു. പിഎഫ് നിയന്ത്രണങ്ങള്‍ക്കെതിരെ ഇന്നലെ ബംഗളൂരുവില്‍ തൊഴിലാളികളുടെ പ്രതിഷേധങ്ങള്‍ അരങ്ങേറി.
















