ന്യൂദല്‍ഹി: എ.അജിത്കുമാര്‍ ഐഎഎസിനെ റബര്‍ബോര്‍ഡ് ചെയര്‍മാനാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. 1994 ബാച്ച് കേരളാ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അജിത് കുമാര്‍ കേരളത്തില്‍ വിവിധ ചുമതലകള്‍ നിര്‍വഹിച്ചു വരികയായിരുന്നു.
കേന്ദ്രവാണിജ്യമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി തല ചുമതലയിലാണ് റബര്‍ബോര്‍ഡ് ചെയര്‍മാനായി അജിത് കുമാറിനെ നിയമിച്ചിരിക്കുന്നത്. 2018 മെയ് 31വരെയാണ് നിയമന കാലാവധി. നേരത്തെ ഷീലാ തോമസ് ഐഎഎസ് റബര്‍ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
റബര്‍ബോര്‍ഡ് ചെയര്‍മാനായി അജിത്കുമാറിനെ നിയമിച്ച കേന്ദ്രവാണിജ്യമന്ത്രാലയ തീരുമാനത്തെ കര്‍ഷകമോര്‍ച്ച സ്വാഗതം ചെയ്തു.റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമനം നടത്തണമെന്ന ആവശ്യം അംഗീകരിച്ച കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മല സീതാരാമനോട് നന്ദി രേഖപ്പെടുത്തുന്നതായി കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.ആര്‍ മുരളീധരന്‍ അറിയിച്ചു.
















