ഹൈദരാബാദ്: ഈ സീസണില്‍ ഐപിഎല്ലിന്റെ പോയിന്റ് പട്ടികയിലിടം നേടാനാകാത്ത ടീമെന്ന നാണക്കേടില്‍ നിന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു മുക്തി. നായകന്‍ ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഹൈദരാബാദ് പോരാട്ടത്തില്‍ സജീവമായി. 59 പന്തില്‍നിന്ന് പുറത്താകാതെ 90 റണ്‍സെടുത്ത വാര്‍ണര്‍ കളിയിലെ താരവുമായി. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് – 142/6 (20), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 145/3 (17.3).
മുംബൈയുടെ 142നെതിരെ വാര്‍ണറുടെ പോരട്ടാമാണ് ആതിഥേയരെ കാത്തത്. 59 പന്തില്‍ ഏഴു ഫോറും നാലു സിക്‌സറും നേടി വാര്‍ണര്‍. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (രണ്ട്) വേഗത്തില്‍ മടങ്ങിയ ശേഷം, മോയ്‌സസ് ഹെന്റിക്‌സ് (20), ഇയാന്‍ മോര്‍ഗന്‍ (11), ദീപക് ഹൂഡ (17 നോട്ടൗട്ട്) എന്നിവരെ കൂട്ടുപിടിച്ച് നായകന്‍ ടീമിനെ ജയത്തിലെത്തിച്ചു.
നാലോവറില്‍ 24 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ടിം സൗത്തിക്കു മാത്രമേ മുംബൈ ബൗളര്‍മാരില്‍ തിളങ്ങാനായുള്ളു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ അമ്പാട്ടി റായുഡു (54), ക്രുനാല്‍ പാണ്ഡ്യ (49 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. മൂന്നു വിക്കറ്റെടുത്ത ബരീന്ദര്‍ സ്രാനിന്റെ മികവ് മുംബൈയെ പിടിച്ചുനിര്‍ത്തി. ഭുവനേശ്വര്‍ കുമാര്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
















