ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്കു ചുവടുവയ്‌ക്കുന്ന ലെസ്റ്റര്‍ സിറ്റിയുടെ നെഞ്ചിടിപ്പേറ്റി ടോട്ടനം ഹോട്‌സ്പര്‍. കഴിഞ്ഞ കളിയില്‍ സ്റ്റോക്ക് സിറ്റിയെ മടക്കമില്ലാത്ത നാലു ഗോളിനു തുരത്തി ലെസ്റ്ററുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചു പോയിന്റാക്കി ചുരുക്കി ടോട്ടനം. 34 കളികളില്‍ ലെസ്റ്ററിന് 73 പോയിന്റുള്ളപ്പോള്‍, ടോട്ടനത്തിന് 68 പോയിന്റ്. നാലു കളികള്‍ അവശേഷിക്കെ ഓരോ മത്സരഫലവും ഇരു ടീമുകള്‍ക്കും നിര്‍ണായകം.
ഹാരി കെയ്‌നിന്റെയും ബാമിദെല്‍ അലിയുടെയും ഇരട്ട ഗോളുകളാണ് എവേ മത്സരത്തില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഒമ്പതാം മിനിറ്റില്‍ കെയ്‌നിലൂടെ മുന്നിലെത്തിയ ടോട്ടനത്തിന് പിന്നീട് മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് ലക്ഷ്യം കാണാനായത്. മൗസ ദെംബലെ നല്‍കിയ പാസ് ആദ്യ ഗോളിലേക്കു വഴിതെളിച്ചു. ഇടതു ഭാഗത്തുനിന്ന് ലഭിച്ച പന്ത് എതിരാളികളെ വെട്ടിയൊഴിഞ്ഞ് വലതു കാലിലേക്കു മാറ്റിയാണ് കെയ്ന്‍ നിറയൊഴിച്ചത്. 22 വാര അകലെ നിന്നുള്ള ഷോട്ട് ഗോള്‍വലയുടെ താഴെ മൂലയില്‍ സുരക്ഷിതമായി പതിച്ചു. 67ാം മിനിറ്റില്‍ ബാമിദെല്‍ അലി ലീഡുയര്‍ത്തി. ഷോക്രോസും വോള്‍സ്ഷീഡും ഉയര്‍ത്തിയ പ്രതിരോധം മറികടന്ന് ക്രിസ്റ്റ്യന്‍ ഡാന്നെമന്‍ എറിക്‌സണ്‍ നല്‍കിയ പാസ് ഇരുപതുകാരന്‍ അലി അനായാസം വലയിലെത്തിച്ചു.
നാലു മിനിറ്റിനു ശേഷം ടോട്ടനം ലീഡുയര്‍ത്തി. സ്‌കോറര്‍ കെയ്ന്‍. പ്രത്യാക്രമണത്തിലൂടെ സ്റ്റോക്ക് പ്രതിരോധം പിച്ചിച്ചീന്തി എറിക് ലാമെല നല്‍കിയ പാസ് ലക്ഷ്യത്തിലേക്കു തൊടുക്കാന്‍ കെയ്‌ന് ഏറെയൊന്നും ആയാസപ്പെടേണ്ടിവന്നില്ല. 82ാം മിനിറ്റില്‍ അലി പട്ടിക തികച്ചു. ഇത്തവണയും അവസരമൊരുക്കിയത് എറിക്‌സണ്‍. ബോക്‌സിനു പിന്‍വശത്തേക്ക് എറിക്‌സണ്‍ നല്‍കിയ പന്ത് സുന്ദരമായ വോളിയിലൂടെ പോസ്റ്റിലെത്തിച്ചു അലി. 69ാം മിനിറ്റില്‍ തുറന്ന അവസരം പാഴാക്കിയതിനുള്ള പ്രായശ്ചിത്തം.
















