ന്യൂദല്‍ഹി: രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലുള്ള 33 കോടി ജനങ്ങള്‍ കൊടുംവരള്‍ച്ച കാരണം ബുദ്ധിമുട്ടിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വരള്‍ച്ചാ ദുരിതാശ്വാസത്തിനായി ഈ സാമ്പത്തിക വര്‍ഷം 19,555 കോടി രൂപ അനുവദിച്ചതായും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കര്‍ഷകരുടെ വായ്‌പകള്‍ പുനക്രമീകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാണെന്ന് അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ വരള്‍ച്ച തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് അഭിയാന്‍ എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിന്മേലാണ് ഇതുവരെ സ്വീകരിച്ച നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. വരള്‍ച്ചാ ബാധിത മേഖലയിലെ ജനങ്ങള്‍ക്കായി നടപ്പാക്കിയ വിവിധ കേന്ദ്രപദ്ധതികളുടെ വിശദാംശങ്ങളും സര്‍ക്കാര്‍ കോടതിക്ക് കൈമാറി.
വരള്‍ച്ച സംബന്ധിച്ച കണക്കുകള്‍ നല്‍കാതിരുന്ന ഗുജറാത്ത് സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം ലഭിച്ചു. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
അതിനിടെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ വിവിധ വരള്‍ച്ചാ ബാധിത മേഖലകളില്‍ വരും മാസങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എന്‍സിസി, എന്‍എസ്എസ്, ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, റെഡ്‌ക്രോസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വരള്‍ച്ചാ ബാധിത മേഖലകളില്‍ സേവന-സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.
















