റിയോ ഡി ജനെയ്‌റോ: ചരിത്രമെഴുതി ജിംനാസ്റ്റിക്‌സില്‍ ദിപ കര്‍മാകര്‍ ഒളിംപിക്‌സിന്. വനിതാ വിഭാഗത്തില്‍ ഒളിംപിക്‌സ് യോഗ്യത സ്വന്തമാക്കുന്ന ആദ്യ ഭാരത വനിതയെന്ന ബഹുമതിയോടെയാണ് ത്രിപുരയില്‍നിന്നുള്ള ദിപ ബ്രസീല്‍ ടിക്കറ്റ് സ്വന്തമാക്കിയത്. റിയോയില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ ആര്‍ട്ടിസ്റ്റിക് വിഭാഗത്തില്‍ 52.698 പോയിന്റ് നേടി ദിപ. 1964നു ശേഷം ആദ്യമായാണ് ജിംനാസ്റ്റിക്‌സില്‍ മത്സരിക്കാന്‍ ഇന്ത്യയ്‌ക്ക് യോഗ്യത ലഭിക്കുന്നത്. 1952, 56, 64 ഒളിംപിക്‌സുകളില്‍ ഇന്ത്യന്‍ പുരുഷ താരങ്ങള്‍ പങ്കെടുത്തിരുന്നു.
യോഗ്യതാ റൗണ്ടില്‍ വൈഷമ്യമേറിയ പ്രൊഡുനോവയില്‍ 15.066 പോയിന്റ് നേടി 14 മത്സരാര്‍ത്ഥികളില്‍ മുന്നിലെത്തി ഇന്ത്യന്‍ താരം. എന്നാല്‍, അണ്‍ ഇവന്‍ ബാറില്‍ 11.700 പോയിന്റ് നേടാനേ ആയുള്ളു. ഈ റൗണ്ടില്‍ പന്ത്രണ്ടാംസ്ഥാനത്തായി താരം. ബീമില്‍ 13.366 പോയിന്റും ഫ്‌ളോര്‍ എക്‌സര്‍സൈസില്‍ 12.566 പോയിന്റും നേടി ദിപ.
അഗര്‍ത്തല സായ് കേന്ദ്രത്തിലെ ഭാരോദ്വഹന പരിശീലകന്‍ ദുലത് കര്‍മാകറിന്റെയും ഗൗരിയുടെയും മകളായ ദിപ അഞ്ചാം വയസിലാണ് ജിംനാസ്റ്റിക്‌സ് രംഗത്തെത്തുന്നത്. അച്ഛനാണ് ആദ്യ പരിശീലകന്‍. 2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും വെങ്കല്‍ മെഡല്‍ നേടിയിട്ടുണ്ട് താരം.
















