മോണ്ടെകാര്‍ലോ: ഏറെ നാളത്തെ കിരീട വരള്‍ച്ചയ്‌ക്ക് സ്പാനിഷ് താരം റാഫേല്‍ നദാല്‍ വിരാമമിട്ടു. മോണ്ടെകാര്‍ലോ മാസ്റ്റേഴ്‌സ് ടെന്നീസില്‍ ഒമ്പതാം കിരീടം സ്വന്തമാക്കി സ്‌പെയ്‌നില്‍നിന്നുള്ള മുന്‍ ഒന്നാം നമ്പര്‍ താരം. ഫൈനലില്‍ ഫ്രാന്‍സിന്റെ ഗെയ്ല്‍ മോണ്‍ഫില്‍സിനെ കീഴടക്കി, സ്‌കോര്‍: 7-5, 5-7, 6-0. നാദലിനിത് 2012നു ശേഷമുള്ള പ്രധാന കിരീട നേട്ടം.
ഫൈനലില്‍ മോണ്‍ഫില്‍സിന്റെ കനത്ത വെല്ലുവിളി അതിജീവിച്ചാണ് നദാല്‍ ജയം കണ്ടത്. ആദ്യ രണ്ടു സെറ്റുകള്‍ ഒപ്പത്തിനൊപ്പം പൊരുതി പങ്കിട്ടു ഇരുവരും. ഫലം നിശ്ചയിച്ച മൂന്നാം സെറ്റില്‍ ഒരു പോയിന്റ് പോലും നല്‍കാതെ എതിരാളിയെ നിഷ്പ്രഭനാക്കി നദാല്‍. മോണ്ടെകാര്‍ലോയിലെ പത്താം ഫൈനലും കരിയറിലെ നൂറാം ഫൈനലുമാണ് നദാല്‍ കളിച്ചത്. ജയത്തോടെ എടിപി മാസ്റ്റേഴ്‌സ് 1000 വിഭാഗത്തില്‍ കൂടുതല്‍ കിരീടങ്ങളെന്ന നൊവാക് ദ്യോകോവിച്ചിന്റെ നേട്ടത്തിനൊപ്പവുമെത്തി സ്പാനിഷ് താരം, 28 കിരീടങ്ങള്‍ വീതം.
















