ചെന്നൈ: രണ്ട് പതിറ്റാണ്ടിന് ശേഷം തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ തയ്യാറെടുക്കുകയാണ് എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ. മേയ് 16ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോവില്‍പെട്ടി നിയോജകമണ്ഡലത്തില്‍ നിന്നുമാണ് അദ്ദേഹം ജനവിധി തേടുന്നത്. നേതാവ് മത്സരിക്കുന്നതിന്റെ ആവേശത്തിലാണ് എംഡിഎംകെ പ്രവര്‍ത്തകര്‍. ഇതിന് മുന്‍പ് 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വില്ലത്തിക്കുളം നിയോജക മണ്ഡലത്തില്‍ നിന്നുമാണ് അദ്ദേഹം ജനവിധി തേടിയത്.
എന്നാല്‍ 634 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഡിഎംകെ നേതാവ് കെ. രവിശങ്കര്‍ ആണ് വിജയിച്ചത്. തുടര്‍ന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനും വൈകോ ശിവകാശി മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് വിജയിയ്ക്കാനായില്ല. കഴിഞ്ഞ ദിവസം എംഡിഎംകെ പ്രഖ്യാപിച്ച 27 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ വൈകോയും ഉള്‍പെടുന്നുണ്ട്.
















