ഷാങ്ഹായ്: ഫോര്‍മുല വണ്‍ സീസണിലെ മൂന്നാമത്തെ ഗ്രാന്‍ഡ് പ്രീ ചൈനയിലും മെഴ്‌സിഡസിന്റെ ജര്‍മന്‍ ഡ്രൈവര്‍ നിക്കോ റോസ്‌ബെര്‍ഗ് ജേതാവ്. ഫെരാരിയുടെ ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ രണ്ടാമതെത്തിയപ്പോള്‍, റെഡ് ബുള്ളിന്റെ റഷ്യന്‍ ഡ്രൈവര്‍ ഡാനില്‍ ക്വിറ്റ് മൂന്നാം സ്ഥാനം സ്വന്തമാക്കി.
നിലവിലെ ചാമ്പ്യന്‍ മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഏറ്റവും അവസാന ലാപ്പില്‍നിന്ന് തുടങ്ങിയാണ് ഹാമില്‍ട്ടണ്‍ ഏഴാം സ്ഥാനത്തെത്തിയത്.
ചൈനയിലെ ജയത്തോടെ സീസണില്‍ ഡ്രൈവര്‍മാരില്‍ റോസ്‌ബെര്‍ഗ് മുന്നിട്ടു നില്‍ക്കുന്നു. ഒരു മണിക്കൂര്‍ 38 മിനിറ്റ് 53.891 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഷാങ്ഹായില്‍ റോസ്‌ബെര്‍ഗ് കിരീടമുയര്‍ത്തിയത്.
റോസ്‌ബെര്‍ഗിനേക്കാള്‍ 37.776 സെക്കന്‍ഡ് സമയം കൂടുതലെടുത്തു വെറ്റല്‍. 45.936 സെക്കന്‍ഡ് കൂടുതലെടുത്തു ക്വിറ്റ്. മത്സരം ശേഷം ഡ്രസിങ് റൂമില്‍ വെറ്റലും ക്വിറ്റും വാക്കുകള്‍ കൊണ്ട് കൊമ്പുകോര്‍ത്തു. കഴിഞ്ഞ ഗ്രാന്‍ഡ് പ്രീയില്‍ അനുമതിയില്ലാതെ എന്‍ജിന്‍ മാറ്റിയതിന് ശിക്ഷയായാണ് ഹാമില്‍ട്ടണ് ചൈനയില്‍ അവസാനം മത്സരം തുടങ്ങേണ്ടി വന്നത്. ഫോഴ്‌സ് ഇന്ത്യയുടെ മെക്‌സിക്കന്‍ ഡ്രൈവര്‍ സെര്‍ജിയോ പെരസ് പതിനൊന്നാമതും, ജര്‍മന്‍ ഡ്രൈവര്‍ നിക്കോ ഹള്‍ക്കെന്‍ബെര്‍ഗ് പതിനഞ്ചാമതും ഫിനിഷ് ചെയ്തു.
















