മൊഹാലി: കാത്തുകാത്തിരുന്ന ജയം ഒടുവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തേടിയെത്തി. ഐപിഎല്ലിലെ ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ പഞ്ചാബ് കന്നിക്കാരായ പൂനെ സൂപ്പര്‍ജെയ്ന്റ്‌സിനെ ആറു വിക്കറ്റിന് കീഴടക്കി പോയിന്റ് പട്ടികയില്‍ ഇടം നേടി. മൂന്നു കളിയില്‍ എം.എസ്. ധോണി നയിക്കുന്ന പൂനെയുടെ രണ്ടാം തോല്‍വിയാണിത്. ഓപ്പണര്‍മാരായ എം. വിജയ്‌യുടെയും (53), മനന്‍ വോറയുടെയും (51), മധ്യനിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും (32 നോട്ടൗട്ട്) പ്രകടനങ്ങളാണ് പഞ്ചാബിന് മിന്നും ജയമൊരുക്കിയത്. സ്‌കോര്‍: റൈസിങ് പൂനെ സൂപ്പര്‍ജെയ്ന്റ്‌സ് – 152/7 (20), കിങ്‌സ് ഇലവന്‍ പഞ്ചാബ് – 153/4 (18.4/20).
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പൂനെയ്‌ക്ക് പഞ്ചാബ് ബൗളര്‍മാരെ നേരിടാന്‍ നന്നായി പ്രയത്‌നിക്കേണ്ടി വന്നു.
67 റണ്‍സെടുത്ത ഓപ്പണര്‍ ഹാഫെ ഡ്യുപ്ലെസിസിനു മാത്രമേ മികച്ച രീതിയില്‍ ചെറുക്കാനായുള്ളു. 53 പന്തില്‍ എട്ട് ഫോറുകള്‍ ഡ്യുപ്ലെസിസിന്റെ ബാറ്റില്‍നിന്ന് പിറന്നു. 26 പന്തില്‍ അഞ്ച് ഫോറുകളോടെ 38 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തും, 15 പന്തില്‍ 15 റണ്‍സെടുത്ത കെവിന്‍ പീറ്റേഴ്‌സണും ഡ്യുപ്ലെസിസിന് പിന്തുണ നല്‍കി. നാലോവറില്‍ 23 റണ്‍സ് വിട്ടുനല്‍കി മൂന്നു വിക്കറ്റെടുത്ത മോഹിത് ശര്‍മയാണ് പഞ്ചാബ് ബൗളര്‍മാരില്‍ തിളങ്ങിയത്. സന്ദീപ് ശര്‍മ രണ്ടും, കെയ്ല്‍ അബോട്ട് ഒന്നും വിക്കറ്റെടുത്തു.
വിജയും വോറയും ആദ്യ വിക്കറ്റില്‍ 97 റണ്‍സ് ചേര്‍ത്ത് കളി പഞ്ചാബിന് അനുകൂലമാക്കി. 49 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്‌സറും സഹിതം വിജയ് 53 റണ്‍സെടുത്തപ്പോള്‍ കുറച്ചുകൂടി ആക്രമണോത്സുകത പ്രകടിപ്പിച്ചു മനന്‍ വോറ. 33 പന്തില്‍ ഏഴു ഫോറുകളോടെ 51 റണ്‍സ്. വോറയെ മടക്കി അങ്കിത് ശര്‍മ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് പതിനഞ്ചാം ഓവറില്‍ ഷോണ്‍ മാര്‍ഷിനയും (നാല്) വിജയ്‌യെയും മടക്കി ലെഗ് സ്പിന്നര്‍ മുരുഗന്‍ അശ്വിന്‍ പഞ്ചാബിനെ ഞെട്ടിച്ചു. പതിനേഴാം ഓവറില്‍ നായകന്‍ ഡേവിഡ് മില്ലറും (ഏഴ്) മുരുഗന്‍ അശ്വിന് ഇരയായതോടെ പൂനെയ്‌ക്ക് പ്രതീക്ഷ.
എന്നാല്‍, മാക്‌സ്‌വെല്‍ കൊടുങ്കാറ്റായതോടെ മത്സരം ആശങ്കകളില്ലാതെ പഞ്ചാബിന്റെ വഴിയേ. 14 പന്തില്‍ മൂന്ന് ഫോറും രണ്ടു സിക്‌സറും സഹിതം പുറത്താകാതെ 32 റണ്‍സെടുത്ത് മാക്‌സ്‌വെല്‍ പഞ്ചാബി യോദ്ധാക്കള്‍ക്ക് ആദ്യ ജയം സമ്മാനിച്ചു. മനന്‍ വോറയാണ് കളിയിലെ താരം.
















