ചെന്നൈ: തമിഴ്നാട്ടിലെ പ്രധാനപാര്‍ട്ടികളായ എഐഎഡിഎംകെയും ഡിഎംകെയും സമര്‍ത്ഥമായി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബിജെപി കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേകര്‍ പറഞ്ഞു. ഇരു കക്ഷികളും അഴിമതിയില്‍ മുങ്ങി കുളിച്ചാണ് നില്‍ക്കുന്നത്.
ഭരണ കക്ഷിയായ എഐഎഡിഎംകെയുടെ അമ്മ സ്റ്റിക്കര്‍ ഒട്ടിച്ചു പുറത്തിറക്കുന്ന പല പദ്ധതികളും കേന്ദ്ര സര്‍ക്കാരിന്റെ പരിപാടികളാണ്.
കേന്ദ്ര സര്‍ക്കാരിന്റെ 90 ശതമാനം സബ്സിഡിയോടെ ലഭിക്കുന്ന അരിയാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ബാക്കിയുള്ള 10 ശതമാനം മാത്രമാണ് സംസ്ഥാനസര്ക്കാരിന്റെതായുള്ളു എന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. എന്നാല്‍ അവര്‍ ഇത് അമ്മ ഫ്രീ അരിസി എന്ന് മുദ്രകുത്തി നല്കുന്നു. ഇത്തരത്തിലുള്ള രാഷ്ട്രീയ കളികളാണ് തമിഴ്നാട്ടില്‍ നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ അതിനെ അമ്മ അരിസി എന്നല്ല വിളിക്കേണ്ടത്, മറിച്ച് പ്രധാനമന്ത്രി അരിസി എന്നാണെന്ന് ജാവ്ദേകര്‍ പറഞ്ഞു.
തമിഴ്നാട്ടിലെ നാളികേര കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കാതെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ മലേഷ്യയിലെ കര്‍ഷകര്‍ക്ക് സബ്സിഡി നല്കുന്നു. നാട്ടില്‍ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്ന നാളികേര കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നില്ല. മദ്യശാല തുടങ്ങുന്നതില്‍ മാത്രമാണ് സര്‍ക്കാരിന് താത്പര്യമുള്ളത്. അതാണ് കൂടുതല്‍ ലാഭം കിട്ടുന്ന ബിസിനസെന്നും ജാവ്ദേകര്‍ പറഞ്ഞു.
















