ന്യൂദല്‍ഹി: വ്യാജ പ്രചാരണങ്ങളെ തുടര്‍ന്ന് സൈന്യത്തിനെതിരെ പ്രതിഷേധം ആരംഭിച്ച കശ്മീരിലേക്ക് കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെ അയയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 3,600 പേരെക്കൂടി അധികമായി വിന്യസിയ്‌ക്കും. കേന്ദ്രആഭ്യന്തരസെക്രട്ടറിയുടെ ചുമതല കൂടി നിര്‍വഹിയ്‌ക്കുന്ന ധനസെക്രട്ടറി രതന്‍ പി. വതലിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കശ്മീരിലെ സ്ഥിതിഗതികള്‍ ഗൗരവകരമാണെന്ന് വിലയിരുത്തിയ യോഗം വിഘടനവാദ ശക്തികളുടെ നടപടികള്‍ ഫലപ്രദമായി ചെറുക്കാനും തീരുമാനിച്ചു.
നൂറു പേര്‍ വീതമുള്ള 12 കമ്പനി അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ഇന്നലെ കശ്മീരിലെത്തിയിട്ടുണ്ട്. 24 കമ്പനി കൂടി ഇന്ന് താഴ്‌വരയിലെത്തിച്ചേരും. കഴിഞ്ഞ അഞ്ചു ദിവസമായി താഴ്‌വരയില്‍ നടക്കുന്ന സംഭവങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കും. കേന്ദ്രരഹസ്യാന്വേഷണ വിഭാഗം, പ്രതിരോധ മന്ത്രാലയം, കേന്ദ്രപോലീസ് സേനകള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ താഴ്‌വരയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ജമ്മുകശ്മീര്‍ സംസ്ഥാനത്തിന് കൂടുതല്‍ പോലീസ് സഹായം ലഭ്യമാക്കാന്‍ തീരുമാനിച്ചു.
ഇതുവഴി കശ്മീരില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാനാകും. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പര്‍ക്കത്തില്‍ തുടരാനും കര്‍ശനമായി നിരീക്ഷണം നടത്താനും ധനസെക്രട്ടറി രതന്‍ പി. വതല്‍ വിളിച്ച യോഗത്തില്‍ തീരുമാനിച്ചു.
സംഘര്‍ഷങ്ങളില്‍ ഇതുവരെ അഞ്ചു പേരാണ് മരിച്ചത്. കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കും.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അതീവ ഉത്കണ്ഠയാണുള്ളത്. കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജമ്മുകശ്മീരിനുള്ള പ്രത്യേക പാക്കേജ് എത്രയും വേഗം നടപ്പാക്കും. വികസനമില്ലായ്‌മയും തൊഴിലില്ലായ്‌മയുമാണ് താഴ്‌വരയിലെ പ്രധാന പ്രശ്‌നങ്ങള്‍. ഗ്രാമീണ മേഖലകളിലെ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കിയാല്‍ സംസ്ഥാനത്തെ സാഹചര്യത്തില്‍ മാറ്റമുണ്ടാകുമെന്നും യോഗം വിലയിരുത്തി.
കര്‍ഫ്യൂവിന് സമാനമായ സാഹചര്യമാണ് താഴ്‌വരയിലുള്ളത്. ചില പ്രദേശങ്ങളില്‍ സംഘര്‍ഷത്തിന് അയവു വന്നിട്ടുണ്ടെങ്കിലും വിഘടനവാദ സംഘടനകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
അക്രമങ്ങള്‍ കശ്മീര്‍ സമ്പദ്‌വ്യവസ്ഥ
അസ്ഥിരപ്പെടുത്താനെന്ന്
ശ്രീനഗര്‍: കശ്മീരന്റെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുവാന്‍ തല്‍പരകക്ഷികള്‍ മനപൂര്‍വ്വമായി അക്രമങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പിഡിപി യുവജന വിഭാഗം പ്രസിഡന്റ് വാഹിദ് പാര. ഇത്തരക്കാരുടെ ഹീനമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ രംഗത്തെത്തണമെന്നും മുന്‍ മുഖ്യമന്ത്രി മഫ്തി മുഹമ്മദ് സെയ്തിന്റെ ഉപദേഷ്ടാവ് കൂടിയായിരുന്ന വാഹിദ് പറഞ്ഞു.
അടിയ്‌ക്കടി ഉണ്ടാകുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി ഉണ്ടാക്കുന്നു. വിനോദ സഞ്ചാരമേഖല ശക്തിപ്പെടുത്തി സാമ്പത്തികരംഗം ഉയര്‍ത്തുവാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അക്രമസംഭവങ്ങള്‍ ഇതിനെല്ലാം തിരിച്ചടിയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
















