ന്യൂദല്‍ഹി: ജുഡീഷ്യല്‍ ആക്ടിവിസത്തിനെതിരെ ന്യായാധിപര്‍ക്ക് മുന്നറിയിപ്പ് നല്കി ന്യായാധിപ സെമിനാര്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് എല്ലാവരുടേയും കടമയാണെന്ന് ഓര്‍മ്മിപ്പിച്ച രാഷ്ട്രപതി സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത്മസംയമനത്തോടെ അത്തരം ശ്രമങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കണമെന്നും ഭോപ്പാലില്‍ പറഞ്ഞു.
ഭരണഘടനയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു. നിയമനിര്‍മ്മാണ സഭ, നീതിന്യായ വ്യവസ്ഥ, ഭരണ നിര്‍വഹണ വിഭാഗം എന്നിവ ഓരോന്നും അതതിന്റെ പ്രവര്‍ത്തന മേഖലയില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുകയും മറ്റുള്ളവയുടെ അധികാരപരിധിയിലേക്ക് പ്രവേശിക്കാതിരിക്കുകയും ചെയ്യണം. സ്വാതന്ത്ര്യത്തിനും സത്യസന്ധതയ്ക്കും ജുഡീഷ്യറിയില്‍ വളരെയേറെ പ്രാധാന്യമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സെമിനാറിനിടെ ഒരു മണിക്കൂറോളം ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ ഉള്‍പ്പെടെയുള്ള ന്യായാധിപരുമായി നടത്തിയ ചര്‍ച്ച നടത്തി. രാജ്യത്തെ സുരക്ഷാ സ്ഥിതിയെക്കുറിച്ച് നടത്തിയ ഈ ഉന്നതതല ചര്‍ച്ച രാജ്യത്ത് മുമ്പുണ്ടായിട്ടില്ലാത്തതാണ്.
















