വാഷിങ്ടണ്‍: ഭാരതത്തില്‍ അസഹിഷ്ണുതയുണ്ടെന്നത് തെറ്റായ പ്രചാരണം മാത്രമാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഒരു വശത്ത് ജനങ്ങളില്‍ നിന്ന് ശരിയല്ലാത്ത കാര്യങ്ങളും മറുവശത്ത് രാഷ്ട്രീയ നേതാക്കളില്‍ നിന്നും നിരുത്തരവാദപരമായ പ്രസ്താവനകളും ഉണ്ടാകുന്നുണ്ടായിരിക്കാം. എന്നാല്‍ ഇതൊന്നും രാജ്യത്തെ അസഹിഷ്ണുതയ്ക്കുള്ള തെളിവല്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു. അമേരിക്കയില്‍ ഭാരത പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി.
മോശമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള സംഭവങ്ങള്‍ ഭയാനകമാണ്. എന്നാല്‍ ഭാരതത്തെപ്പോലുള്ള വലിയൊരു രാജ്യത്ത് ഇതെല്ലാം തികച്ചും യാദൃശ്ചികമായ സംഭവമാണ്. ചരിത്രപരമായും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യത്ത് അസഹിഷ്ണുതയെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. നിരവധി സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. അതൊന്നും അസഹിഷ്ണുതയുടെ ഭാഗമല്ല. ഭാരതത്തെപ്പോലുള്ള വലിയ രാജ്യത്ത് ചിലസംഭവങ്ങള്‍ ഉണ്ടാവാം. എന്നാല്‍ അതെല്ലാം വലിയ സംഭവങ്ങളായി കാണേണ്ടതില്ല.
എന്നാല്‍ അവ അപലപനീയവുമാണ്. സംസ്ഥാനങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ഇതെല്ലാം ഏതെങ്കിലും പാര്‍ട്ടിയുടെ അജണ്ടയുടെ ഭാഗമായിട്ട് അരങ്ങേറുന്നതല്ല. ടെലിവിഷന്‍ കാമറകള്‍ക്ക് മുമ്പില്‍ നിന്നും ചിലര്‍ നിരുത്തരവാദിത്വപരമായ കമന്റുകളും പ്രസ്താവനകളും നടത്താറുണ്ട്. നാലോ, അഞ്ചോ, ആറോ ആളുകള്‍ മാത്രമാണ് അത്തരത്തിലുള്ളതെന്നും ജെയ്റ്റ്ലി പറഞ്ഞു.
ഐഎംഎഫിന്റയും ലോകബാങ്കിന്റെയും സ്പ്രങ് മീറ്റിങ്ങുകള്ക്കായിട്ടാണ് കേന്ദ്ര ധനമന്ത്രി അമേരിക്കയില്‍ എത്തിയിട്ടുള്ളത്.
















