ന്യൂദല്‍ഹി: ഫേസ്ബുക്കില്‍ സ്ത്രീകളുടെ പ്രൊഫൈലുകളില്‍ നിന്നും വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ക്ക് പിന്നില്‍ ചാരന്മാരാകാമെന്ന് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്. ഐടിബിപി അംഗങ്ങള്‍ക്കയച്ച സര്‍ക്കുലറിലാണ് വ്യക്തിപരമായി അറിയില്ലാത്ത സ്ത്രീകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നും വരുന്ന ക്ഷണങ്ങള്‍ സ്വീകരിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഐടിബിപി ഡയറക്ടര്‍ ജനറല്‍ കൃഷ്ണ ചൗധരിയാണ് സേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം കൈമാറിയത്.
മാസങ്ങള്‍ക്ക് മുമ്പ് അതീവ സുന്ദരിയായ ഒരു സ്ത്രീയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി മലയാളിയായ വ്യോമസേനാ ഉദ്യോഗസ്ഥനില്‍നിന്നും അതിര്‍ത്തിയിലെ സൈനിക വിന്യാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാക് ചാരന്മാര്‍ ചോര്‍ത്തിയ സംഭവം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐടിബിപിയുടെ മേധാവി കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ചില പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൈനികര്‍ ഫോണില്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വി ചാറ്റ്, സ്‌മെഷ്, ലൈന്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. പാക്-ചൈനീസ് ചാരസംഘടനകള്‍ ഇതുവഴി സൈനികരില്‍ നിന്നും വിവരം ചോര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. അറിയില്ലാത്ത പ്രൊഫൈലുകളില്‍ നിന്നും വരുന്ന ക്ഷണം സ്വീകരിക്കരുത്. ഐഎസ്‌ഐയും പാക്കിസ്ഥാനിലെ ഭീകരസംഘടനകളും വിവരങ്ങള്‍ ചോര്‍ത്താന്‍ സാമൂഹ്യ മാധ്യമങ്ങളും മൊബൈല്‍ ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നുണ്ട്. ചില പ്രത്യേക ആപ്ലിക്കേഷനുകള്‍ ചാറ്റിംഗിനായി ഡൗണ്‍ലോഡ് ചെയ്യാന്‍ സൈനികരോട് ആവശ്യപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു.
ഈ ആപ്ലിക്കേഷനുകള്‍ വഴി സൈനികരുള്ള സ്ഥലം, എസ്എംഎസ് വിവരങ്ങള്‍, വീഡിയോകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ അതിര്‍ത്തിക്കപ്പുറത്തെ ചാരകേന്ദ്രങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കും. പ്രത്യാഘാതങ്ങള്‍ അറിയാതെ സൈനികര്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ഐടിബിപി മേധാവി മുന്നറിയിപ്പ് നല്‍കി.ഭാരത-ചൈന അതിര്‍ത്തിയിലെ 3488 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത് ഐടിബിപിയെയാണ്.
















