ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരാളികള്‍ റയല്‍ മാഡ്രിഡ്. മറ്റൊരു സെമിയില്‍ അത്‌ലറ്റികോ മാഡ്രിഡ് മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെയും നേരിടും. ഏപ്രില്‍ 26ന് സിറ്റിയുടെ ഹോണ്‍ം ഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് ആദ്യ പാദം. മെയ് നാലിന് രണ്ടാം പാദം റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാമ്യൂവിലും അരങ്ങേറും.
രണ്ടാം സെമിയുടെ ആദ്യപാദം 27ന് അത്‌ലറ്റികോ മാഡ്രിഡിന്റെ സ്‌റ്റേിയത്തിലും രണ്ടാം പാദം മെയ് മൂന്നിന് മ്യൂണിക്കിന്റെ സ്വന്തം തട്ടകമായ അലയന്‍സ് അരീനയിലും അരങ്ങേറും. മെയ് 28ന് ഫൈനല്‍. മിലാനിലെ സാന്‍ സിരോ സ്‌റ്റേഡിയത്തില്‍.
റയല്‍ മാഡ്രിഡ് വോള്‍വ്‌സ് ബര്‍ഗിനെയും സിറ്റി പിഎസ്ജിയെയും തകര്‍ത്താണ് സെമിയിലെത്തിയത്. അത്‌ലറ്റികോ മാഡ്രിഡാകട്ടെ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയെയും ബയേണ്‍ മ്യൂണിക്ക് പോര്‍ച്ചുഗീസ് ക്ലബ് ബെനഫിക്കയെയും കീഴടക്കി അവസാന നാലില്‍ ഇടംപിടിച്ചു.
രണ്ടാം പാദത്തില്‍ അന്റോണിയോ ഗ്രിസ്മാന്‍ നേടിയ ഇരട്ട ഗോളിന്റെ കരുത്തിലാണ് അത്‌ലറ്റികോ മാഡ്രിഡ് ബാഴ്‌സയെ തകര്‍ത്തത്. ആദ്യപാദത്തില്‍ 2-1ന്റെ വിജയം നേടിയ ബാഴ്‌സക്ക് രണ്ടാം പാദത്തില്‍ അത്. മാഡ്രിഡിന് മുന്നില്‍ ലക്ഷ്യം തെറ്റി. തുടര്‍ച്ചയായ മൂന്നാം പരാജയമാണ് ബാഴ്‌സ ഈ സീസണില്‍ നേരിട്ടത്. നേരത്തെ ലാ ലീഗില്‍ റയല്‍ മാഡ്രിഡിനോടും റയല്‍ സോസിഡാഡിനോടും ബാഴ്‌സ പരാജയപ്പെട്ടിരുന്നു. അതിനു പിന്നാലെ അത്. മാഡ്രിഡുമായുള്ള പരാജയവും അവര്‍ക്ക് കനത്ത തിരിച്ചടിയായി.
യൂറോപ്പ ലീഗിന്റെ സെമിയില്‍ ലിവര്‍പൂള്‍ വിയ്യാറയലുമായും സെവിയ ഷക്തറുമായും ഏറ്റുമുട്ടും. ആദ്യപാദ സെമി മത്സരങ്ങള്‍ ഏപ്രില്‍ 28നും രണ്ടാം പാദം മെയ് അഞ്ചിനും നടക്കും. ഹോം ആന്റ് എവേ അടിസ്ഥാനത്തിലാണ് സെമി. മെയ് 18ന് ബാസലില്‍ ഫൈനല്‍.
















