ശ്രീനഗര്‍: വടക്കന്‍ കശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്‌പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിയേറ്റു ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രാജാ ബീഗം എന്ന 54 കാരിയാണ് മരണത്തിനു കീഴടങ്ങിയത്.
വടക്കന്‍ കാഷ്മീരിലെ ഹാന്ദ്‌വാരയിലായിരുന്നു സംഭവം. ഒരാള്‍ വെടിവയ്‌പില്‍ കൊല്ലപ്പെട്ടിരുന്നു എന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പിന്നീട് പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞുവെന്ന് വ്യക്തമായി.
സൈനിക പോസ്റ്റിലെ സൈനികര്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചു എന്ന വാര്‍ത്ത പരന്നതാണ് പ്രതിഷേധം ഉണ്ടാകാന്‍ കാരണം. പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സുരക്ഷാസേന വെടിയുതിര്‍ത്തതെന്ന് പോലീസ് പറയുന്നു. നൂറുകണക്കിനാളുകളായിരുന്നു പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. നേരത്തെ വെടിയേറ്റു മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഇന്നു സംസ്‌കരിക്കും.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സൈന്യം വ്യക്തമാക്കി.
















