മിലാന്‍: ഇറ്റാലിയന്‍ സീരി എ ക്ലബ് എസി മിലാന്‍ കോച്ച് സിനിസ മിഹാജിലോവിച്ചിനെ പുറത്താക്കി. പകരം മിലാന്റെ മുന്‍ മധ്യനിരതാരം ക്രിസ്റ്റിയന്‍ ബ്രോച്ചിയെ പരിശീലകനായി നിയമിക്കുകയും ചെയ്തു. സീസണില്‍ ടീമിന്റെ പ്രകടനം മോശമായിരുന്നുവെങ്കിലും കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ കഴിയാതെ വന്നതാണ് പൊടുന്നെയുള്ള ഈ പുറത്താക്കലിന്റെ കാരണം. ഇപ്പോള്‍ ഇറ്റാലിയന്‍ ലീഗായ സീരി എ യില്‍ ആറാം സ്ഥാനത്താണ് മിലാന്‍. 2015 ജൂണിലാണ് സിനിസ മിലാന്‍ കോച്ചായി ചുമതലയേറ്റത്.
സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ടീമിന്റെ ചുമതല ക്രിസ്റ്റിയന് നല്‍കിയതായും മിലാന്‍ അധികൃതര്‍ വെബ്‌സൈറ്റ് വഴി അറിയിച്ചു. 40കാരനായ ക്രിസ്റ്റിയന്‍ കളിക്കാരനെന്ന നിലയില്‍ 135 മത്സരങ്ങളില്‍ മിലാന്‍ ജേഴ്‌സിയണിഞ്ഞു. കൂടാതെ ലാസിയോക്കും ഇന്റര്‍മിലാനുവേണ്ടിയും കളിച്ചിട്ടുള്ള ക്രിസ്റ്റിയന്‍ ബ്രോച്ചി ക്ലബ്ബിന്റെ റിസര്‍വ് ടീമിനെ പരിശീലിപ്പിച്ചുവരികയായിരുന്നു.
















