മുംബൈ: ഐപിഎല്‍ മത്സരങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ചെടുത്ത് ഉപയോഗിക്കുമെന്ന് ബിസിസിഐ. ഇതു സംബന്ധിച്ച വിവരം ബിസിസിഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. മൈതാനങ്ങള്‍ നനക്കാനായി ഇത്തരത്തില്‍ ശുദ്ധീകരിച്ചെടുത്ത വെള്ളം ഉപയോഗിക്കും. ഇതിനായി റോയല്‍ വെസ്റ്റേണ്‍ ഇന്ത്യ ടര്‍ഫ് ക്ലബിന്റെ മഹാലക്ഷ്മി റോസ്‌കോഴ്‌സിലെ ശുദ്ധീകരണശാലയില്‍നിന്നു വെള്ളം നല്‍കുമെന്നും മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ശുദ്ധീകരിച്ച വെള്ളം ടാങ്കറുകളിലായി എല്ലാ ദിവസവും ക്ലബ് അധികൃതര്‍ എത്തിക്കുമെന്നും എംസിഎ കോടതിയെ അറിയിച്ചു.
കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ നാഗ്പൂരില്‍ നടക്കേണ്ട മത്സരം മൊഹാലിയിലേക്ക് മാറ്റാന്‍ ടീം തീരുമാനിച്ചതായും ബിസിസിഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ റഫീഖ് ദാഡ കോടതിയെ അറിയിച്ചു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം തയാറാകാത്തതിനാല്‍ വിഷയം ഇന്ന് ഉച്ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.
മുംബൈ, പുന, നാഗ്പുര്‍ ഉള്‍പ്പെടെയുള്ള വേദികളിലായി 18 മത്സരങ്ങളാണ് മഹാരാഷ്‌ട്രയില്‍ നടക്കുക. മുംബൈയിലും പുനയിലുമായി 17 ഐപിഎല്‍ മല്‍സരങ്ങളാണ് നടക്കേണ്ടത്. ഒന്‍പതു മല്‍സരങ്ങള്‍ പുനയിലും എട്ടെണ്ണം മുംബൈയിലുമാണ് നടക്കുന്നത്. ഇതില്‍കുറഞ്ഞത് അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ മഹാരാഷ്‌ട്രയില്‍നിന്നു മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ജനങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തില്‍ കിട്ടാക്കനിയായ വെള്ളം ക്രിക്കറ്റ് സ്റ്റേഡിയത്തിനായി പാഴാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ സന്നദ്ധസംഘടനകളാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ജനങ്ങള്‍ക്കു കുടിവെള്ളമില്ലാതെ എന്തിന് ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നുവെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. മഹാരാഷ്‌ട്രയിലെ മൂന്നു സ്റ്റേഡിയത്തിലെ പിച്ച് പ്രവര്‍ത്തന യോഗ്യമാക്കാന്‍ 60 ലക്ഷം ലിറ്റര്‍ ജലം ആവശ്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
















