ന്യൂദല്‍ഹി: കോടിക്കണക്കിന് രൂപ മുടക്കിയുള്ള ക്ഷേത്രാഘോഷങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ ചെലവിട്ടുകൊണ്ടുള്ള ക്ഷേത്ര ചടങ്ങുകള്‍ പ്രതീകാത്മക ചടങ്ങുകളായി ഒതുക്കണമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ പറഞ്ഞു. ക്ഷേത്രങ്ങളിലെ ധൂര്‍ത്ത് നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ടവര്‍ തീരുമാനമെടുക്കണെന്നും നന്ദകുമാര്‍ ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളിലെ കോടികള്‍ മുടക്കിയുള്ള ആഘോഷങ്ങള്‍ അംഗീകരിക്കാനാകില്ല. ആനയെഴുന്നള്ളത്തിനും വെടിക്കെട്ടിനുമായി കോടിക്കണക്കിന് രൂപയാണ് ചെലവിടുന്നത്. കാലാനുസൃതമായി ക്ഷേത്രാഘോഷങ്ങളില്‍ മാറ്റം വരുത്തേണ്ടതാണ്. വന്‍തുക ചെലവിടുന്ന ആഘോഷങ്ങള്‍ ഒഴിവാക്കി സമൂഹത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തയ്യാറാകണം. ഇത്തരം മാറ്റങ്ങള്‍ക്ക് ഹൈന്ദവ സമൂഹം തയ്യാറാകണം.
പൊന്ന് വെയ്‌ക്കേണ്ടിടത്ത് പൂവ് വെച്ചുകൊണ്ട് നമ്മുടെ ആചാരാനുഷ്ടാനങ്ങള്‍ പൂര്‍ണ്ണമാക്കാന്‍ സാധിക്കും. ക്ഷേത്രോല്‍സവങ്ങളൊടനുബന്ധിച്ച് അറപ്പും ഭയപ്പാടും സൃഷ്ടിക്കുന്ന ധൂര്‍ത്ത് നിര്‍ത്തലാക്കണം. ആചാരങ്ങളുടെ ഭാഗമായുള്ളതാണെങ്കില്‍ അതിനെ വിധിപ്രകാരം ദേവതാനുജ്ഞയോടെ പ്രതീകാത്മകമാക്കാവുന്നതാണ്. ഈ ധൂര്‍ത്ത് നിര്‍ത്തണം.
അനുപേക്ഷണീയമായ അനുഷ്ടാനങ്ങള്‍ എന്നാണ് വാദമെങ്കില്‍ അവ പ്രതീകാത്മകമാക്കണം. അനേകം നാളുകളായുള്ള ഹൈന്ദവ സംഘടനകളുടെ നിലപാടാണിതെന്നും നന്ദകുമാര്‍ പറഞ്ഞു.
എളവൂര്‍ തൂക്ക പരിഷ്‌കാര പരിശ്രമങ്ങള്‍ മാധവ്ജിയുടെ മാര്‍ഗ്ഗദര്‍ശ്ശനത്തിലും കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലും നടന്നത് എല്ലാവരും ഓര്‍ക്കേണ്ടതാണ്. കാലത്തിനനുസരിച്ച് ആചാരങ്ങളില്‍ മാറ്റം വരുത്തണം. പഴയകാലത്തെപ്പോലെ സ്ഥല ലഭ്യത ഇന്നില്ല.
ഇടുങ്ങിയ സ്ഥലങ്ങളില്‍ വെടിക്കെട്ടുകള്‍ നടത്തുന്നത് അത്യന്തം അപകടകരമാണെന്ന് പരവൂര്‍ സംഭവം തെളിയിച്ചുകഴിഞ്ഞു. ഹിന്ദുസമൂഹം ആചാരങ്ങളില്‍ കെട്ടിപ്പിടിച്ചുകിടക്കുന്ന സമൂഹമല്ല. നിരവധി പരിഷ്‌ക്കാരങ്ങള്‍ നടത്തിയിട്ടുള്ള സമൂഹമാണിത്. കാലദേശാനുസൃതമായ പരിഷ്‌ക്കരണങ്ങള്‍ ഇനിയും ഉണ്ടാകും. ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞിട്ടുള്ള കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന വാക്യങ്ങള്‍ ഏവരും ഓര്‍ക്കണം, ജെ.നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
















