മൊഹാലി: നവാഗതരായ ഗുജറാത്ത് ലയണ്‍സിന് കന്നിയങ്കത്തില്‍ ജയിക്കാന്‍ 162 റണ്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ഇലവന്‍ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് അടിച്ചുകൂട്ടി. ഓപ്പണര്‍മാരായ മുരളി വിജയും മനന്‍വോറയും ചേര്‍ന്ന് ഗംഭീര തുടക്കമാണ് കിങ്‌സ് ഇലവന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 8.2 ഓവറില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇവര്‍ പിരിഞ്ഞത്.
23 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സറുമടക്കം 38 റണ്‍സെടുത്ത വോറയെ രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് കയ്യിലൊതുക്കി. സ്‌കോര്‍ 91-ല്‍ എത്തിയപ്പോള്‍ 34 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത മുരളി വിജയിനെയും ജഡേജ മടക്കി. തുടര്‍ന്നെത്തിയ മില്ലര്‍ക്കും (15) മാക്‌സ്‌വെല്ലിനും (2) മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഇരുവരെയും ബ്രാവോ ബൗള്‍ഡാക്കി. ഇതോടെ 2ന് 101 എന്ന നിലയില്‍ നിന്ന് നാലിന് 102 എന്ന നിലയിലേക്ക് കിങ്‌സ് ഇലവന്‍ വീണു.
പിന്നീട് വൃദ്ധിമാന്‍ സാഹയും (20) മാര്‍ക്കസ് സ്‌റ്റോയിനിസും (33) ചേര്‍ന്നാണ് ഇന്നിങ്‌സ് കെട്ടിപ്പടുത്തത്. അവസാന ഓവറിലെ അടുത്തടുത്ത പന്തുകളില്‍ ബ്രാവോയാണ് ഇരുവരെയും മടക്കിയത്. ഗുജറാത്ത് ലയണ്‍സിന് വേണ്ടി രവീന്ദ്ര ജഡേജ രണ്ടും ബ്രാവോ നാലും വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
















