കൊല്‍ക്കത്ത: ഡെയര്‍ ഡെവിള്‍സിനെ കൂട്ടിലടച്ച് കൊല്‍ക്കത്ത മൂന്നാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടുള്ള കുതിപ്പ് തുടങ്ങി. ഐപിഎല്ലില്‍ രണ്ടാം ദിവസത്തെ മത്സരത്തില്‍ ഒമ്പത് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ആന്ദ്രെ റസ്സല്‍, ബ്രാഡ് ഹോഗ്, ഹേസ്റ്റിങ്‌സ്, പിയൂഷ് ചൗള എന്നിവരുടെ തകര്‍പ്പന്‍ ബൗളിങും റോബിന്‍ ഉത്തപ്പ, ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ എന്നിവരുടെ മികച്ച ബാറ്റിങുമാണ് കൊല്‍ക്കത്തക്ക് ആദ്യ മത്സരത്തില്‍ ആധികാരിക വിജയം സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ആന്ദ്രെ റസ്സല്‍ മാന്‍ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ഡെയര്‍ ഡെവിള്‍സ് 98 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സ് 35 പന്തുകളും 9 വിക്കറ്റും ബാക്കിയിരിക്കെ 99 റണ്‍സെടുത്ത് വിജയതീരമണിയുകയായിരുന്നു. കൊല്‍ക്കത്ത ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പ 35 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ഗംഭീര്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. 12 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മനീഷ് പാണ്ഡെയും മികച്ച പ്രകടനം നടത്തി.
ദല്‍ഹി നിരയില്‍ 17 റണ്‍സ് എടുത്ത ഡി കോക്കാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍. മലയാളി താരം സഞ്ജു സാംസണ്‍ 15 റണ്‍സുമെടുത്തു.
















