ടിന്‍സുകിയ: അസാമില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്കു വെടിവെച്ചു. വെടിവയ്പ്പിനെ തുടര്‍ന്ന് വൈദ്യുതി ലൈന്‍പൊട്ടി വീണ് 11 പേര് മരിച്ചു. 20പേര്‍ക്ക് പരിക്കേറ്റു.
അപ്പര്‍ അസമിലെ പാന്ഗ്രിയില് പ്രതിഷേധപ്രകടനവുമായി എത്തിയവരെ പിരിച്ചുവിടാനാണ് പോലീസ് ആകാശത്തേക്ക് വെടിവച്ചത്. ലക്ഷ്യം തെറ്റിയ വെടിയുണ്ടകളേറ്റ് വൈദ്യുതിലൈന്‍ പൊട്ടിയാണ് അപകടമുണ്ടായത്. അനധികൃതമായി ആളെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്നാരോപിച്ച് പ്രകടനവുമായെത്തിയ ആളുകള്‍ക്കാണ് അപകടമുണ്ടായത്.
മാരകായുധങ്ങളുമായെത്തിയവരെ പിരിച്ചുവിടുന്നതിനായാണ് ആകാശത്തേക്ക് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിഷേധ പ്രകടനക്കാര്‍ പോലീസ് സ്റ്റേഷനു നേരെ കല്ലെറിയുകയും ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഒമ്പത് പേര് സംഭവസ്ഥലത്ത് വച്ചും രണ്ട്പേര് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. അസമിലെ 61 നിയമസഭാമണ്ഡലങ്ങളില്‍ ഇന്നലെയായിരുന്നു വോട്ടെടുപ്പ്.
















