ന്യൂദല്‍ഹി: രാജ്യത്തെ വിവിധ കടുവാ സങ്കേതങ്ങളുടെ സംരക്ഷണത്തിനും വനങ്ങളിലെ കടുവകളുടെ സൈ്വര്യജീവിതം ഉറപ്പാക്കുന്നതിനുമായി 380 കോടി രൂപ ചെലവിടുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. 2016-17 ബജറ്റില്‍ അനുവദിച്ച തുകയാണിത്. കടുവാ സംരക്ഷണത്തിന് ഇത്രയധികം തുക വകയിരുത്തുന്നത് ഇതാദ്യമാണ്. കടുവാസംരക്ഷണം സംബന്ധിച്ച മൂന്നാമത്തെ ഏഷ്യന്‍ മന്ത്രിതല സമ്മേളനം പ്രധാനമന്ത്രി ചൊവ്വാഴ്ച ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുമെന്നും ജാവദേക്കര്‍ അറിയിച്ചു.
ദേശീയമൃഗമായ കടുവയുടെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ലോകത്തുള്ള 70 ശതമാനം കടുവകളെയും സംരക്ഷിക്കുന്നത് ഭാരതത്തിലെ വനങ്ങളിലാണ്. ജൈവസംവിധാനത്തിന്റെ സന്തുലിതാവസ്ഥയ്‌ക്ക് കടുവകളുടെ സംരക്ഷണം ആവശ്യമാണെന്ന ബോധ്യം കേന്ദ്രസര്‍ക്കാരിനുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ ഉള്‍പ്പെടെ തടയാന്‍ കടുവാ സംരക്ഷണം കൊണ്ട് സാധിക്കുമെന്നും ജാവദേക്കര്‍ പറഞ്ഞു.
മൂന്നാമത് ഏഷ്യന്‍ മന്ത്രിതല സമ്മേളനത്തില്‍ കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഴുനൂറിലധികം വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. ഭാരതത്തിന് പുറമെ കടുവകളുടെ സാന്നിദ്ധ്യമുള്ള ബംഗ്ലാദേശ്, ഭൂട്ടാന്‍, കംബോഡിയ, ചൈന, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്‍മാര്‍, നേപ്പാള്‍, റഷ്യന്‍ ഫെഡറേഷന്‍, തായ്‌ലന്റ്എന്നീ രാജ്യങ്ങള്‍ക്ക് പുറമെ വെള്ളകടുവകളുടെ സാന്നിദ്ധ്യമുള്ള കിര്‍ഗിസ്, കസാഖ്സ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
















