മുംബൈ: ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനോടുള്ള തോല്‍വി ബാറ്റ്‌സ്മാന്മാരുടെ പിഴവെന്ന് മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ഭജന്‍ സിങ്ങ്. ബാറ്റിങ്ങിനെ തുണച്ച വാംഖ്‌ഡെയിലെ പിച്ചില്‍ ക്ഷമാപൂര്‍വം പിടിച്ചു നിന്ന് ബാറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തം ടീമിലെ ബാറ്റ്‌സ്മാന്മാര്‍ പ്രകടിപ്പിച്ചില്ല. ഷോട്ട് തെരഞ്ഞെടുത്തതിലെ പിഴവാണ് ബാറ്റിങ് തകര്‍ച്ചയ്‌ക്കു കാരണമെന്നും ഹര്‍ഭജന്‍ കുറ്റപ്പെടുത്തി.
മത്സരശേഷം നടത്തിയ വാര്‍ത്താമ്മേളനത്തിലാണ് ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ നിലപാടെടുത്തത്.
ഇറങ്ങിയാല്‍ ഉടന്‍ തകര്‍പ്പന്‍ ഷോട്ടുകള്‍ ഉതിര്‍ക്കണമെന്നാണ് പലരുടെയും ധാരണ. വേണ്ടത്ര സമയമെടുത്തു വേണം ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകാന്‍. ബാറ്റ്‌സ്മാന്മാര്‍ക്ക് അതിനായില്ലെന്നും അദ്ദേഹം പറഞ്ഞു. ബൗളിങ്ങിലും പിഴവുകള്‍ പറ്റിയെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.
അടുത്ത മത്സരങ്ങളില്‍ ഇതും പരിഹരിക്കും. പരിക്കിന്റെ പിടിയിലായ ലസിത് മലിംഗയുടെ അഭാവവും ടീമിന് തിരിച്ചടിയായി. കോട്ടങ്ങളെല്ലാം തീര്‍ത്ത് അടുത്ത മത്സരം മുതല്‍ തിരിച്ചുവരുമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.
















