മുംബൈ: ഐപിഎല്‍ ഒമ്പതാം പതിപ്പിലെ ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരെ തകര്‍ത്ത് നവാഗതരായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ഉദിച്ചുയര്‍ന്നു. എതിരാളികളായ മുംബൈ ഇന്ത്യന്‍സിനെ ഒന്‍പത് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജയ്ന്റ്‌സ് തങ്ങളുടെ കന്നി മത്സരത്തില്‍ വിജയം നേടിയത്. 42 ബോളില്‍ 66 റണ്‍സുമായി പുറത്താകാതെ നിന്ന അജിന്‍ക്യ രഹാനെയാണ് സുപ്പര്‍ ജയ്ന്റ്‌സിന്റെ വിജയ ശില്പി. മുംബൈ ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം 32 പന്തുകളും ഒമ്പത് വിക്കറ്റും ബാക്കിനില്‍ക്കേയാണ് റൈസിങ് പൂനെ മറികടന്നത്.
നേരത്തെ ടോസ് നേടിയ മുബൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 121 റണ്‍സിലൊതുങ്ങി. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം ചെറിയ സ്‌കോറുകള്‍ക്ക് പുറത്തായപ്പോള്‍ എട്ടാമനായി ഇറങ്ങി 30 ബോളില്‍ 45 റണ്‍സ് നേടിയ ഹര്‍ഭജന്‍ സിംഗാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്.
ഹര്‍ഭജനൊപ്പം 22 റണ്‍സെടുത്ത അമ്പാട്ടി റായിഡു, 12 റണ്‍സെടുത്ത വിനയ്‌കുമാര്‍ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 68 റണ്‍സിന് ഏഴ് എന്ന നിലിയില്‍ നിന്നാണ് ഹര്‍ബജന്‍ സിംഗ് മുബൈയെ 121ല്‍ എത്തിച്ചത്. ജയന്റ്‌സിനു വേണ്ടി ഇഷാന്ത് ശര്‍മ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
മുംബൈക്കെതിരെ 122 റണ്‍സ് വിജയ ലക്ഷ്യമാക്കിയിറങ്ങിയ സുപ്പര്‍ ജയ്ന്റ്‌സിന് മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഓപ്പണര്‍മാരായ അജിന്‍ക്യ രഹാനെയും ഡുപ്ലസിസും ഒന്നാം വിക്കറ്റില്‍ 9.4 ഓവറില്‍ 78 റണ്‍സ് 34 റണ്‍സെടുത്ത ഡുപ്ലസിസിനെ ഹര്‍ഭജന്‍ ബൗള്‍ഡാക്കി.
പിന്നീടെത്തിയ കെവിന്‍ പീറ്റേഴ്‌സണുമായി ചേര്‍ന്ന് രഹാനെ പൂനെ സുപ്പര്‍ ജയന്റ്‌സിനെ സൂപ്പറായിത്തന്നെ വിജയത്തിലെത്തിച്ചു. രഹാനെ 66 റണ്‍സെടുത്തും പീറ്റേഴ്‌സണ്‍ 21 റണ്‍സെടുത്തും പുറത്താകാതെ നിന്നു. കളി അവസാനിക്കാന്‍ 32 ബോളുകള്‍ കൂടി ബാക്കിയുള്ളപ്പോഴായിരുന്നു സുപ്പര്‍ ജയ്ന്റ്‌സിന്റെ വിജയം.
















