കൊല്‍ക്കത്ത: ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയിക്കാന്‍ 99 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ഡെയര്‍ ഡെവിള്‍സ് 17.4 ഓവറില്‍ 98 റണ്‍സിന് ഓള്‍ ഒൗട്ടായി. നാല് പേര്‍ മാത്രം രണ്ടക്കം കടന്ന ദല്‍ഹി ഇന്നിങ്‌സില്‍ 17 റണ്‍സെടുത്ത ക്വന്റണ്‍ ഡി കോക്ക് ടോപ് സ്‌കോറര്‍.
മലയാളി താരം സഞ്ജു വി. സാംസണ്‍ 15ഉം പവന്‍ നേഗി, ക്രിസ് മോറിസ് എന്നിവര്‍ 11 റണ്‍സ് വീതവും നേടി. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ആന്ദ്രെ റസ്സലിന്റെയും ബ്രാഡ് ഹോഗിന്റെയും മിന്നുന്ന ബൗളിങാണ് ദല്‍ഹിയെ 98 ഒതുക്കാന്‍ കൊല്‍ക്കത്തയെ സഹായിച്ചത്. ജോണ്‍ ഹാസ്റ്റിങ്‌സ്, പിയൂഷ് ചൗള എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്‌ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ഓപ്പണര്‍മാരായ മയാങ്ക് അഗര്‍വാളും ഡി കോക്കും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 2.2 ഓവറില്‍ 24 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 10 പന്തില്‍ നിന്ന് ഒന്നുവീതം ഫോറും സിക്‌സറുമടക്കം 17 റണ്‍സെടുത്ത ഡി കോക്കിനെ റസ്സലിന്റെ പന്തില്‍ യൂസഫ് പഠാന്‍ പിടികൂടിയതോടെ ഡെയര്‍ ഡെവിള്‍സിന്റെ തകര്‍ച്ചയും തുടങ്ങി.
സ്‌കോര്‍ 25-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതെ ശ്രേയസ് അയ്യരും 31-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത മയാങ്ക് അഗര്‍വാളും സ്‌കോര്‍ 35-ല്‍ എത്തിയപ്പോള്‍ മൂന്ന് റണ്‍സെടുത്ത കരുണ്‍ നായരും മടങ്ങി. പിന്നീട് സഞ്ജുവും നേഗിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 20 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും നേഗിയെ ഹോഗിന്റെ പന്തില്‍ ഉത്തപ്പ സ്റ്റമ്പ് ചെയ്തതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. തുടര്‍ന്നെത്തിയ ബ്രാത്ത്‌വെയ്റ്റ് (6), ക്രിസ് മോറിസ്, അമിത് മിശ്ര (3), സഹീര്‍ ഖാന്‍ (4) എന്നിവരും പെട്ടെന്ന് മടങ്ങിയതോടെ ഡെയര്‍ ഡെവിള്‍സ് 98-ല്‍ ഒതുങ്ങി. 7 റണ്‍സെടുത്ത കള്‍ട്ടര്‍ നീല്‍ പുറത്താകാതെ നിന്നു.
















